ആലുവ: ആലുവ നഗരസഭ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ നിന്നും ഭൂരിപക്ഷം അംഗങ്ങളും ഇറങ്ങിപ്പോയി. ജീവനക്കാരുടെ ശമ്പളവും പെൻഷനും വിതരണം ചെയ്യാത്ത നടപടിയിലും പ്രതിഷേധിച്ചാണ് അഞ്ചംഗ കമ്മിറ്റിയിലെ പ്രതിപക്ഷത്തെ മൂന്ന് പേരും ഇറങ്ങിപ്പോയത്.നഗരസഭയുടെ സാമ്പത്തിക സ്ഥിതി വിശദമായി ചർച്ച ചെയ്യണമെന്ന ആവശ്യം അദ്ധ്യക്ഷ നിരാകരിച്ചിരുന്നു
നഗരസഭയുടെ സാമ്പത്തീക സ്ഥിതി മോശമായതിനാൽ രണ്ട് മാസം മുമ്പ് നടന്ന കമ്മിറ്റി യോഗത്തിലും പ്രതിപക്ഷം ബദൽ നിർദ്ദേശം അവതരിപ്പിച്ചിരുന്നു. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് കിട്ടാക്കടം പിരിച്ചെടുക്കണമെന്നായിരുന്നു പ്രധാന നിർദ്ദേശം. ഇതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, ബദൽ നിർദ്ദേശങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്താനും തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആരോപിച്ചു. പ്രതിമാസം 60 ലക്ഷത്തോളം രൂപയാണ് ജീവനക്കാരുടെ ശമ്പള ഇനത്തിൽ നൽകേണ്ടത്. നഗരസഭ കെട്ടിടം വാടക്കെടുത്തവരുടെ കുടിശിക പിരിച്ചാൽ പ്രതിസന്ധി മറികടക്കാം. വിഷയം അടിയന്തിര കൗൺസിൽ വിളിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ ഒൻപത് കൗൺസിലർമാർ കഴിഞ്ഞ ദിവസം സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു.
പ്രതിപക്ഷ നേതാവിന് പുറമെ അംഗങ്ങളായ പി.സി. ആന്റണി, മിനി ബൈജു എന്നിവരാണ് ബഹിഷ്കരിച്ചത്. കോൺഗ്രസ് അംഗം സൗമ്യ കാട്ടുങ്കൽ യോഗത്തിൽ പങ്കെടുത്തിരുന്നുമില്ല. കമ്മിറ്റിയിൽ അവശേഷിച്ചത് അദ്ധ്യക്ഷയായ നഗരസഭ വൈസ് ചെയർപേഴ്സൺ സി. ഓമന മാത്രമാണ്.
ഓഫീസിൽ ജീവനക്കാരുടെ പ്രതിഷേധം
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാർ ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചു. കെ.എം.സി.എസ്.യു വിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒന്നാം തീയതി വിതരണം ചെയ്തിരുന്ന ശമ്പളം എട്ടാം തീയതിയിലേക്ക് കടന്നിട്ടും ലഭിക്കാതിരുന്നതിനെ തുടർന്നായിരുന്നു പ്രതിഷേധം. കോൺഗ്രസ് അനുകൂല സംഘടന പ്രതിഷേധത്തിൽ നിന്നും വിട്ടുനിന്നു. ഇന്നലെ വൈകിട്ടോടെ ശമ്പളം നൽകുമെന്ന നഗരസഭ അധികൃത
ർ വാക്ക് നൽകിയിരുന്നു.