കൊച്ചി : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന് അംഗീകാരം നൽകിയിട്ടില്ലെങ്കിൽ അക്കാര്യം പ്രവേശനം നേടിയ വിദ്യാർത്ഥികളെ സർക്കാർ രേഖാമൂലം അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
പ്രവേശനം അംഗീകരിക്കരുതെന്ന മേൽനോട്ട സമിതിയുടെ ശുപാർശയടക്കം സർക്കാരിന്റെ തീരുമാനം രജിസ്ട്രേഡ് തപാലിൽ വിദ്യാർത്ഥികൾക്ക് അയക്കണം.പാലക്കാട് കരുണ മെഡിക്കൽ കോളേജിലെ എൻ.ആർ.ഐ സീറ്റിൽ 2016 - 2017ൽ നേടിയ പ്രവേശനം സർക്കാർ റദ്ദാക്കിയ വിവരം യഥാസമയം അറിയാത്തതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നാരോപിച്ച് ഒരു വിദ്യാർത്ഥിനി നൽകിയ ഹർജിയിലാണ് വിധി.
പ്രവേശന നടപടികൾ റദ്ദാക്കിയ സർക്കാർ ഉത്തരവിനെതിരെ കോളേജ് അധികൃതർ ഹൈക്കോടതിയിലടക്കം ഹർജി നൽകിയിരുന്നെങ്കിലും പ്രവേശന മേൽനോട്ട സമിതിയുടെ ശുപാർശ ശരിവച്ചിരുന്നു. ഇൗ സാഹചര്യത്തിൽ സമിതിയുടെ ലിസ്റ്റിൽ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ ഹർജി ഹൈക്കോടതി തള്ളി.
പ്രവേശനം റദ്ദാക്കാൻ ശുപാർശ ചെയ്ത മേൽനോട്ട സമിതി ഇക്കാര്യം വിദ്യാർത്ഥികളെ അറിയിക്കാൻ കോളേജ് അധികൃതരോടു നിർദ്ദേശിച്ചിരുന്നെന്ന് സമിതി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ സർക്കാരിന്റെയും സമിതിയുടെയും തീരുമാനങ്ങളെ ചോദ്യം ചെയ്ത് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുന്ന കോളേജ് അധികൃതർ ഇക്കാര്യം വിദ്യാർത്ഥികളെ അറിയിക്കാറില്ല. ഇതുമൂലം അവസരം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഉചിതമായ പരിഹാരം തേടാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. പ്രവേശന മേൽനോട്ട സമിതിയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ഇതിനായി സമിതിക്ക് ലിസ്റ്റ് നൽകുമ്പോൾ കുട്ടികളുടെ പൂർണ വിലാസവും കോളേജുകൾ നൽകണം. എന്നാൽ പുതിയ നിയമമനുസരിച്ച് പ്രവേശനം റദ്ദാക്കാൻ സമിതി ശുപാർശ ചെയ്യുക മാത്രമാണ് ചെയ്യുന്നെന്നും തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും സമിതിയുടെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് പ്രവേശനം റദ്ദാക്കിയ വിവരം സർക്കാർ അറിയിക്കാൻ നിർദ്ദേശിച്ചത്. കേസിൽ കക്ഷിയല്ലാതിരുന്നിട്ടും ചീഫ് സെക്രട്ടറിക്ക് ഇതിനായി വിധിയുടെ പകർപ്പ് നൽകാനും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.