പറവൂർ : വടക്കേക്കര പഞ്ചായത്തിലെ ചെട്ടിക്കാട് – കുഞ്ഞിത്തൈ, വാവക്കാട് – കൊട്ടുവള്ളിക്കാട് പാലങ്ങളുടെ നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ സർക്കാർ ഹാർബർ എൻജിനീയറിംഗ് വകുപ്പിന് നിർദേശം നൽകി. പാലങ്ങളുടെ അപ്രോച്ച് റോഡ് നിർമാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമിറങ്ങി. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്ലെന്ന് എസ്.ഐ.എ യൂണിറ്റ് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് തയാറാക്കിയ പഠനറിപ്പോർട്ടിൽ പറയുന്നു. കലക്ടർ ചെയർമാനായ വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചതിനെ തുടർന്നാണ് വിജ്ഞാപനം ഇറങ്ങിയത്. ചെട്ടിക്കാട് – കുഞ്ഞിത്തൈ പാലത്തിനായി 0.0442 ഹെക്ടർ ഭൂമിയും വാവക്കാട് – കൊട്ടുവള്ളിക്കാട് പാലത്തിനായി 0.0539 ഹെക്ടറും പൊന്നും വില നടപടികൾ പ്രകാരം ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കൽ നടപടി അവസാനഘട്ടത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ നിർമാണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കേക്കര ഗ്രാമപഞ്ചായത്ത് സർക്കാരിന് നിവേദനം നൽകി.