മൂവാറ്റുപുഴ : മികച്ച വനിതാ സംഘത്തിനുള്ള സഹകരണ വകുപ്പിന്റെ ജില്ലാതലത്തിലുള്ള ഒന്നാം സ്ഥാനം തുടർച്ചയായി രണ്ടാം വർഷവും മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന് ലഭിച്ചു. ഏതു പ്രതിസന്ധിയിലും സംഘത്തോടൊപ്പം നിന്ന സഹകാരികളുടെ പിന്തുണയും ഭരണ സമിതിയുടെ മികച്ച പ്രവർത്തനവും ജീവനക്കാരുടെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടേയും പിന്തുണയും സഹായവുമാണ് നേട്ടത്തിന് കാരണമെന്ന് പ്രസിഡന്റ് ലീല കുര്യനും സെക്രട്ടറി പി.ആർ. ശ്രീദേവിയും പറഞ്ഞു.
വിവിധതരം വായ്‌പകൾ, ആകർഷകമായ നിക്ഷേപപദ്ധതികൾ, വിവിധ എം.ഡി.എസുകൾ , പ്ലാസ്റ്റിക് നിർമ്മാർജനം ലക്ഷ്യമിട്ട് സംഘത്തിന്റെ കിഴിൽ നടത്തുന്ന ഹരിതം പേപ്പർ കാരിബാഗ് യൂണിറ്റ് പ്രവർത്തനം , സഹകാരികൾക്കായി മുട്ടക്കോഴി വായ്പ, ഇരുചക്രവാഹന വായ്പ, കുടുംബശ്രീ യൂണിറ്റിന് വായ്പ , വിദ്യാർത്ഥി സുരക്ഷാ പദ്ധതി, ഡെയിലി ഡെപ്പോസിറ് സ്കീം എന്നിവയുൾപ്പടെ നിരവധി പദ്ധതികളാണ് സംഘം നടപ്പാക്കിവരുന്നത്. നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായം, വിവിധ സ്കൂളുകൾക്ക് പഠനോപകരണങ്ങളുടെ വിതരണം, കുടുബശ്രീക്ക് കുറഞ്ഞ നിരക്കിൽ വായ്പ, മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് എന്നിവ നൽകിവരുന്നു. സംഘം വളർച്ചയുടെ പാതയിലാണെന്നും വനിതകൾക്ക് തൊഴിൽ ലഭിക്കുന്നതിനായി പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും സർക്കാർ സഹായത്തോടെ അവ നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.