കൊച്ചി : ടിപ്പറുകളും ടോറസുകളും സമയക്രമം പോലും തെറ്റിച്ച് തലങ്ങും വിലങ്ങും പായുന്നതിനാൽ പിറവത്ത് റോഡിലൂടെ യാത്ര പേടിപ്പെടുത്തുന്നതായി. അനുവദനീയമായതിലും കൂടിയ അളവിലാണ് കല്ലും മണ്ണും നിറച്ച് ലോറികൾ കടന്നുപോവുന്നത്. പലതും ടാർപോളിൻ ഉപയോഗിച്ച് മൂടാത്തതിനാൽ പുറകെ പോകുന്ന വാഹനയാത്രക്കാരാണ് ഏറെ വലയുന്നത്. കൃത്യമായ പരിശോധന മോട്ടോർ വാഹനവകുപ്പ് അധികൃതരും പൊലീസും നടത്തുന്നില്ല.
# പ്രതിസ്ഥാനത്ത് ടിപ്പർ
ഓണക്കൂർ മുതൽ പേപ്പതിവരെയുള്ള എട്ടുകിലോമീറ്ററോളം ദൂരത്തിൽ കൊടുംവളവുകളും കയറ്റിറക്കങ്ങളും ഉള്ള നിലയിലാണ് റോഡ് ഘടന. എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ തമ്മിൽ കാണാൻപോലും പലയിടത്തും സാധ്യമല്ല. ഈ റൂട്ടിൽ പലപ്പോഴായി ഉണ്ടായിട്ടുള്ള അപകടങ്ങളിലെല്ലാം ടിപ്പർ ലോറികളാണ് പ്രതിസ്ഥാനത്ത്. ഡ്രൈവർക്ക് നിശ്ചയിച്ചിട്ടുള്ള അധിക ബാറ്റ ലഭിക്കുന്നതിനും കൂടുതൽ ട്രിപ്പെടുക്കുന്നതിനുമായാണ് മത്സരയോട്ടം.
# റോഡ് മുറിച്ചുകടക്കുന്നതിന്
പെടാപ്പാട്
ടോറസുകളുടെയും ടിപ്പറുകളുടെയും മരണപ്പാച്ചിൽ മൂലം മക്കളെ പിറവം ടൗണിൽക്കൂടി സൈക്കിളിൽ സ്‌കൂളിലേക്ക് അയക്കാൻ മാതാപിതാക്കളും ഭയപ്പെടുന്നു. കാൽനടക്കാരായ കുട്ടികൾ റോഡ് കുറുകെ കടക്കാൻ നന്നേ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്. പഴയ ബസ് സ്റ്റാൻഡ് കവലയിലും കാരവട്ടെക്കുരിശ് കവലയിലും സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിനും ഫാത്തിമ സെട്രൽ സ്‌കൂളിനും മുന്നിലുമാണ് കുട്ടികൾ റോഡ് മുറിച്ചുകടക്കാൻ ഏറെ വലയുന്നത്.
# നിയന്ത്രിക്കണം
സ്‌കൂൾ സമയങ്ങളിലെ ടിപ്പർ ലോറികളുടെ ചീറിപ്പായൽ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം. രക്ഷകർത്താക്കളും അദ്ധ്യാപകരും ഭയാശങ്കയിലാണ്.
പ്രിൻസ് ഡാലിയ,
രക്ഷകർത്താവ്
# ഈ സമയങ്ങളിൽ
ടിപ്പർഓട്ടം അരുത്
ഒൻപതുമണിക്ക് സ്‌കൂൾ ആരംഭിക്കുന്ന സ്ഥലങ്ങളിൽ രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും, പത്തുമണിക്ക് ക്ലാസ് ആരംഭിക്കുന്ന സ്ഥലങ്ങളിൽ 9 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 5 വരെയും ടോറസും ടിപ്പറും ടിപ്പർ ഓടിക്കരുതെന്നാണ് അധികാരികളുടെ ഉത്തരവ്.