കൊച്ചി : രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ കൊച്ചി കാൻസർ സെന്ററും എറണാകുളം ജനറൽ ആശുപത്രിയും കൂടുതൽ സഹകരണം പുലർത്തണമെന്ന ആവശ്യം ശക്തമാകുന്നു. കാൻസർ സെന്ററിലെ രോഗികൾക്ക് നേരിട്ട് റേഡിയേഷനുള്ള സൗകര്യം അത്യാധുനിക ഉപകരണങ്ങളുള്ള ജനറൽ ആശുപത്രിയിൽ ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. കാൻസർ സെന്ററിലെ രോഗികളെ ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേയ്ക്ക് അയക്കാറുണ്ട്. അവിടങ്ങളിൽ ഒ.പി ടിക്കറ്റ് പുതുതായെടുത്ത് ഡോക്ടറടെ കണ്ട് രോഗവിവരങ്ങൾ പരിശോധിച്ച് ഇതുവരെ നടത്തിയ ചികിത്സാവിവരങ്ങളുടെ ഫയലുൾപ്പെടെ തയ്യാറാക്കിയാലേ റേഡിയേഷന് ദിവസം നിശ്ചയിച്ച് ലഭിക്കൂ.

കളമശേരിയിൽ പ്രവർത്തിക്കുന്ന കാൻസർ സെന്ററിൽ നിലവിൽ രണ്ട് റേഡിയേഷൻ ഓങ്കോളജിസ്റ്റുകളുണ്ടെങ്കിലും റേഡിയേഷൻ നൽകാനാവശ്യമായ ഉപകരണങ്ങളില്ല. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി പൂർണസജ്ജമായാൽ മാത്രമേ കാൻസർ സെന്ററിൽ റേഡിയേഷൻ ചികിത്സ ആരംഭിക്കാനാവൂ. 2020 ഡിസംബറിലെ കൊച്ചി കാൻസർ സെന്റർ പൂർണ്ണസജ്ജമാകൂ. അതേസമയം,​ ജനറൽ ആശുപത്രിൽ പത്ത് കോടി വില വരുന്ന ലീനിയർ ആക്സിലേറ്റർ ഉൾപ്പെടെ റേഡിയേഷൻ ചികിത്സയ്ക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളെല്ലാമുണ്ട്. ജനറൽ ആശുപത്രിയിൽ ഇവ പ്രവർത്തിപ്പിക്കാൻ റേഡിയേഷൻ ഫിസിസ്റ്റുകളും ടെക്നീഷ്യന്മാരുമുണ്ട്.

കാൻസർ ചികിത്സാ വിഭാഗമുള്ള ജനറൽ ആശുപത്രിയിലേയ്ക്ക് റേഡിയേഷന് വരുന്ന രോഗികളുടെ എണ്ണം കൂടുതലാണ്. ദിവസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്താണ് റേഡിയേഷന് സമയം അനുവദിക്കുന്നത്. തിരക്കിനിടയിൽ കൊച്ചി കാൻസർ സെന്റർ - ജനറൽ ആശുപത്രി സഹകരണം എത്രത്തോളം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.

# കാൻസർ സെന്ററിൽ

റേഡിയോ ഓങ്കോളജിസ്റ്റുകൾ

റേഡിയേഷൻ ഉപകരണമില്ല

# ജനറൽ ആശുപത്രിയിൽ

ലീനിയർ ആക്സിലേറ്റർ

റേഡിയോതെറാപ്പി വിഭാഗം

റേഡിയേഷൻ ഫിസിസ്റ്റുകൾ

രണ്ട് ടെക്നീഷ്യന്മാർ

# സമയനഷ്ടം ഒഴിവാക്കാം

"പുതിയ ചീട്ടെടുത്ത് ഡോക്ടറെ കണ്ട് റേഡിയേഷൻ ആരംഭിക്കുന്ന രോഗികൾക്ക് സമയനഷ്ടമുണ്ടാക്കുമെന്നതിനാലാണ് ജനറൽ ആശുപത്രിയുമായി നേരിട്ട് സഹകരണം ആവശ്യപ്പെടുന്നത്."

ഡോ. എൻ.കെ സനിൽകുമാർ

ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ്