ആലുവ: വിധിയെ തോൽപ്പിച്ച് ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മുഹമ്മദ് ജാസിമിന് നാടിന്റെ ആദരം. ശരീരം അരക്ക് താഴെ തളർന്ന മുഹമദ് ജാസിം ആലുവ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് പ്ലസ് ടുവിന് മികച്ച വിജയം നേടിയത്.
ടൗൺ ഹാളിൽ അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി 'അക്ഷരതീരം' ഉദ്ഘാടന വേദിയിൽ വച്ചാണ് മുഹമ്മദ് ജാസിമിനെ ബെന്നി ബെഹനാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എയും ജില്ലാ കളക്ടർ എസ്. സുഹാസും ചേർന്ന് ആദരിച്ചത്. ചാലയ്ക്കൽ ആനിക്കാട് തോപ്പിൽ അബ്ദുൽ നാസറിന്റെയും ഷാനിദയുടേയും മകനാണ് മുഹമ്മദ് ജാസിം. മൂന്ന് വയസ് വരെ ചെറുതായി നടന്നിരുന്ന ജാസിം പിന്നീട് നടക്കാനാകാത്ത വിധം തളരുകയായിരുന്നു. വൈദ്യ ശാസ്ത്രത്തിൽ 'മസ്‌ക്കുലർ അസ്‌ട്രോഫി' എന്ന അസുഖമാണ്. ഇതിന് വൈദ്യ ശാസ്ത്രത്തിൽ മരുന്നില്ല.
കുട്ടമശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സിക്ക് ഒമ്പത് എ പ്ലസോടെ വിജയിച്ചു. ആലുവ ബോയ്‌സ് ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും കൊമേഴ്‌സിൽ ഫുൾ എ പ്ലസ് നേടിയത് മാതാ പിതാക്കളുടെ സ്‌നേഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണെന്ന് ജാസിം പറയുന്നു. ആലുവ ഗവ:ബോയ്‌സ് ഹയർ സെക്കൻഡറിസ്‌കൂൾ പ്രിൻസിപ്പൽ ഉഷതറയിലിന്റെയും കൊമേഴ്‌സ് മേധാവി നിക്‌സൺ മറ്റു അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും പൂർണ്ണ പിന്തുണയും സഹായവും ദൈവകൃപയും തന്റെ വിജയത്തിന്റെ പിന്നിലുണ്ട്.
ബിരുദ വിദ്യാർത്ഥിനിയായ സഹോദരി നിസ്മയും സഹായവുമായി കൂടെയുണ്ട്. ജാസിമിന്റെ സൗകര്യാർത്ഥം മുകളിലായിരുന്ന പഠന ക്ലാസ് താഴേക്ക് മാറ്റി സ്കൂൾ അധികൃതരും പിന്തുണ നൽകിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് ആവണമെന്നാണ് ജാസിമിന്റെ മോഹം.