കൊച്ചി : കൊറ്റില്ലങ്ങൾക്കായി ജില്ലയിൽ നടത്തിയ കണക്കെടുപ്പിൽ എട്ടു കേന്ദ്രങ്ങളിലായി ഇതുവരെ 54 എണ്ണം കണ്ടെത്തി. ജൂലായ് 15 വരെ കണക്കെടുപ്പ് നീളും. കൊറ്റില്ലങ്ങളുള്ള മൂന്നിടങ്ങൾ കൂടി ഇത്തവണ കണ്ടെത്തി. കടമക്കുടി, പട്ടിമറ്റം, നെടുമ്പാശേരി എന്നിവിടങ്ങൾ. കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും കേരള വനം-വന്യജീവി വകുപ്പും ചേർന്നാണ് കണക്കെടുപ്പ് നടത്തുന്നത്.

1925 മുതൽ യൂറോപ്യൻ രാജ്യങ്ങൾ കൊറ്റില്ലങ്ങളുടെ കണക്കെടുക്കാൻ തുടങ്ങിയെങ്കിലും ഇന്ത്യയിൽ 30 വർഷം മുമ്പാണ് തുടങ്ങിയത്. 2014 മുതലാണ് സംസ്ഥാനത്ത് ഇതിന്റെ കണക്കെടുപ്പ് കൃത്യമായത്.

വേണം കൊറ്റില്ലങ്ങൾ

തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പക്ഷികൾ പ്രജനനം നടത്താൻ കൂട്ടമായി കൂടുകൂട്ടുന്നതാണ് കൊറ്റില്ലങ്ങൾ. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മഴക്കാലമാണ് പൊതുവെ ഇതിനായി ഇവ തിരഞ്ഞെടുക്കാറുള്ളത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കൂടുകളെ ഒരു കൊറ്റില്ലമായി കണക്കാക്കും.

കേരളത്തിന്റെ കാർഷിക സംസ്കാരവും കൊറ്റില്ലങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. പാടം ഉഴുതുമറിച്ചുള്ള കൊക്കുകളുടെ സഞ്ചാരം മണ്ണിന് ഗുണം ചെയ്യുന്നതിനോടൊപ്പം ഇവയുടെ കാഷ്ടം ചെടികൾക്ക് വളമാവുകയും കീടങ്ങൾ ഭക്ഷണമാവുകയും ചെയ്യുന്നു. കാർഷികവിളകൾക്ക് കൊറ്റില്ലങ്ങളും കൊക്കുകളും ഗുണപ്രദമാകുന്നത് ഇപ്രകാരമാണ്.

ബോധവത്കരണം വേണം

"ജനവാസകേന്ദ്രങ്ങളിൽ പക്ഷികൾ കൂട്ടമായി കൂടുകൂട്ടുന്നത് ശല്യമാകുന്നതിനാൽ അവയെ ഓടിക്കുന്നതും വികസന പ്രവർത്തനങ്ങൾക്ക് റോഡരികിലെ വടവൃക്ഷങ്ങൾ വെട്ടിമാറ്റുന്നതും കൊറ്റില്ലങ്ങൾ ഇല്ലാതാകുന്നതിന് കാരണങ്ങളാണ്. ബോധവത്കരണം നടത്തിയും മരത്തിൽ വല വിരിച്ചുകൊടുത്തും ജനങ്ങളുടെ എതിർപ്പ് തടയാനാണ് ശ്രമിക്കുന്നത്."

വിഷ്ണുപ്രിയൻ കർത്ത

കൊറ്റില്ലം സർവേ കോ ഓർഡിനേറ്റർ

കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി

കൊറ്റില്ലം ഒരുക്കുന്ന പക്ഷികൾ

നീർക്കാക്ക

കുളക്കൊക്ക്

പാതിരാക്കൊക്ക്

ചിന്നമുണ്ടി

ചായമുണ്ടി

കണ്ടെത്തിയ കൊറ്റില്ലങ്ങൾ

പനിച്ചയം - 12

പട്ടിമറ്റം - 8

നെടുമ്പാശേരി - 8

കടമക്കുടി - 2

ചേലാമറ്റം - 24

മൂവാറ്റുപുഴ - നിഷ്ക്രിയം

ഇരുമലപ്പടി - നിഷ്ക്രിയം

ജില്ലയിൽ കൊറ്റില്ലങ്ങൾ കണ്ടാൽ അറിയിക്കാൻ ഫോൺ : 9947029148, 9446437410.