പറവൂർ : വീട്ടിൽ കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ചിറ്റാറ്റുകര പട്ടണം കവല ശങ്കരായത്ത് വീട്ടിൽ പരേതനായ സജീവിന്റെ മകൻ സന്ദീപിനാണ് (24) വെട്ടേറ്റത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംഭവം. വീട്ടിലേക്ക് എത്തിയ സംഘം സന്ദീപിന്റെ പുറത്തും കൈയിലും തുടയിലും വെട്ടുകയായിരുന്നു. മുത്തശി മാത്രമാണ് സന്ദീപിനൊപ്പം വീട്ടിൽ ഉണ്ടായിരുന്നത്. വെട്ടേറ്റ യുവാവിനെ സ്ഥലത്തെത്തിയ പൊലീസും പഞ്ചായത്ത് പ്രസിഡന്റും ചേർന്നു താലൂക്ക് ആശുപത്രിയിലാക്കി. പിന്നീടു വിദഗ്ദ്ധ ചികിൽസയ്ക്കായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രകോപനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. അക്രമികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.