കൊച്ചി: വനംവകുപ്പിന്റെ എറണാകുളം ജില്ലാ അസി. വെറ്ററിനറി ഓഫീസർ ഡോ. ഫിജി എഫ്. ഫ്രാൻസിസ് ആ പദവിയിലിരിക്കാൻ അയോഗ്യനാണെന്നും ഡെപ്യൂട്ടേഷൻ നീട്ടി നൽകരുതെന്നും ആവശ്യപ്പെട്ട് അസി. ഫോറസ്റ്റ് കൺസർവേറ്റർ വനംവകുപ്പ് മേധാവിക്ക് റിപ്പോർട്ട് നൽകി.
എഴുന്നള്ളിപ്പിനും മറ്റും ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകലാണ് വെറ്ററിനറി ഓഫീസറുടെ പ്രധാന ചുമതല. ജില്ലയിലെ അംഗീകൃതമായ 552 ഉത്സവങ്ങൾക്ക് ആനയെഴുന്നള്ളിപ്പിനും ജില്ലയിലെ ആനകളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകേണ്ട ചുമതല ഇദ്ദേഹത്തിനാണ്.
നാട്ടാനകളുമായി ബന്ധപ്പെട്ട് ഡോ.ഫിജി എഫ്. ഫ്രാൻസിസ് നടത്തിയ ഇടപെടലുകളെല്ലാം തന്നെ നിയമയുദ്ധത്തിലാണ് കലാശിച്ചതെന്നും തൊഴിൽപരമായ സത്യസന്ധതയില്ലാത്ത ആളുമായതിനാൽ ഡെപ്യൂട്ടേഷൻ ദീർഘിപ്പിക്കാനുള്ള ഡോക്ടറുടെ അപേക്ഷ പരിഗണിക്കരുതെന്നും സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ എൻ.എ അനസ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മൃഗസംരക്ഷണ വകുപ്പിൽ നിന്ന് അഞ്ച് വർഷത്തോളം മുമ്പ് ഡെപ്യൂട്ടേഷനിൽ വനംവകുപ്പിലെത്തിയതാണ് ഫിജി ഫ്രാൻസിസ്. ഒരു വർഷത്തേക്ക് കൂടി ഡെപ്യൂട്ടേഷൻ ദീർഘിപ്പിക്കാനാണ് അപേക്ഷ.
രോഗാവസ്ഥയിലുണ്ടായിരുന്ന കുട്ടിശങ്കരനെന്ന ആനയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് അടിസ്ഥാനം ഫിജി ഫ്രാൻസിസ് നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റായിരുന്നു. അധികാര പരിധി ലംഘിച്ച് ഫിജി ഫ്രാൻസിസ് തൃശൂരിൽ ചെന്ന് പരിശോധിച്ചാണ് ആനയെ കൊല്ലത്തേക്ക് കൊണ്ടുപോകാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് റിപ്പോർട്ടിലുണ്ട്. തൃശൂരിലെ വനംവകുപ്പിന്റെ വെറ്ററിനറി ഓഫീസറുടെ ചുമതലയായിരുന്നു ഇത്.
ആറ് ആനകളും ഇരുന്നൂറോളം മാനുകളുമുള്ള കോടനാട് മൃഗസംരക്ഷണ കേന്ദ്രത്തിന്റെയും ചുമതലയുള്ള അസി. വെറ്ററിനറി ഓഫീസർക്ക് വേണ്ട കാര്യക്ഷമതക്കുറവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.