പള്ളുരുത്തി: പെരുമ്പടപ്പ് സേക്രട്ട് ഹാർട്ട് ബോയ്സ് ഹോമിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ വികാരിയെ ഇന്ന് പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവരും. ഞായറാഴ്ച രാവിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ വികാരി ഫാ. ജോർജിനെ മട്ടാഞ്ചേരി സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.

ബാക്കിയുള്ള വിദ്യാർത്ഥികളിൽ നിന്നും പൊലീസ് മൊഴി ശേഖരിച്ചു.

പീഡനത്തിന് വഴങ്ങാത്ത വിദ്യാർത്ഥികൾക്ക് മർദ്ദനവും കൂടുതൽ ജോലി ഭാരവും നൽകലാണ് വികാരി ചെയ്യുന്നത്. അറസ്റ്റിനു ശേഷം പെരുമ്പടപ്പിലെ ബോയ്സ് ഹോം അടച്ചു പൂട്ടി.

90 വർഷങ്ങൾക്കു മുൻപ് ആട്ടുവള്ളി നായർ തറവാട് വീട്ടുകാരാണ് ഈ സ്ഥലവും പുരയിടവും സഭക്കായി നൽകിയത്.അന്നത്തെ കാലത്ത് നൂറോളം കുട്ടികൾ ഇവിടെ താമസിച്ചിരുന്നു. ഇന്ന് 20 മാത്രമായി കുറഞ്ഞു. ഇതിനോട് ചേർന്ന് ഒരു പ്രസും പ്രവർത്തിക്കുന്നുണ്ട്.

ഇവിടത്തെ രണ്ട് വനിതകളാണ് ഹോമിൽ ഭക്ഷണം പാകം ചെയ്തിരുന്നത്. സർക്കാറിൽ നിന്നും ഈ സ്ഥാപനത്തിന് ഗ്രാന്റും വിവിധ സംഘടനകളുടെ സഹായവും ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമാണെന്ന് പറയുമ്പോഴും ഒരു കുട്ടിയിൽ നിന്നും മാസം 750 രൂപ ഈടാക്കാറുണ്ട്.

പരാധീനതകളുള്ള വീട്ടിലെ കുട്ടികളാണ് ഇവിടെ താമസിക്കുന്നത് .രണ്ട് വർഷം മുൻപ് ഇവിടെ ചാർജെടുത്ത ഫാ.ജോർജ് പൊതുവേ സൗമ്യനായിരുന്നെങ്കിലും കുട്ടികളോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നാണ് പരിസരവാസികൾ പറയുന്നത്. ഹോമിലെ ഡയറക്ടറായി പുതിയ വികാരിയെ നിയമിക്കാൻ സഭ തീരുമാനിച്ചു. നിലവിലെ വികാരി ജോർജിനെ സഭയിൽ നിന്നും പുറത്താക്കുമെന്നാണ് സൂചന.

ലത്തീൻ കത്തോലിക്കാ സഭയുടെ കൊച്ചി രൂപതയ്ക്ക് കീഴിലാണ് ബോയ്സ് ഹോം. ഒരു വർഷമായി തുടരുന്ന വികാരിയുടെ പീഡനം അതിരുവിട്ടപ്പോൾ ശനിയാഴ്ച രാത്രി എട്ട് കുട്ടികൾ ഓടി രക്ഷപ്പെട്ടതിനെ തുടർന്നാണ് സംഭവം വെളിച്ചത്തായത്.