കൊച്ചി : വിശാലകൊച്ചി വികസന അതോറിറ്റിയുടെ (ജി.സി.ഡി.എ) പട്ടികജാതി വിരുദ്ധനയം ഉപേക്ഷിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ആവശ്യപ്പെട്ടു. പി.എസ്.സി പരീക്ഷയിലും അഭിമുഖത്തിലും ജനറൽ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ദളിതരെ ടൗൺ പ്ളാനിംഗ് ഓഫീസർ, ഡെപ്യൂട്ടി ടൗൺ പ്ളാനർ തസ്തികകളിൽ ഹൈക്കോടതി ഉത്തരവിട്ടിട്ടും ജി.സി.ഡി.എ മനപ്പൂർവം നിയമിക്കാത്തതിൽ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് എം.പി., പ്രസിഡന്റ് എസ്. അജയകുമാർ എന്നിവർ പ്രതിഷേധിച്ചു.

ജി.സി.ഡി.എ ഉന്നയിച്ച എല്ലാ തടസങ്ങളും കേട്ടശേഷമാണ് നിയമനം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന പേരിലാണ് ഇപ്പോഴും നിയമനം നൽകാത്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പട്ടിക വിഭാഗക്കാരെ മുൻപരിചയമെന്ന മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കി 1988 ൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകണമെന്ന് പി.എസ്.സി പലതവണ ആവശ്യപ്പെട്ടെങ്കിലും ജി.സി.ഡി.എ തയ്യാറായിട്ടില്ല. നിയമനങ്ങളിൽ പട്ടികവിഭാഗത്തിന് മുൻപരിചയം ആവശ്യമാണെങ്കിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് 1988 ൽ നിർദ്ദേശിച്ചിട്ടും ജി.സി.ഡി.എ ചെയ്തിട്ടില്ല. അതിന്റെ പേരിൽ പട്ടികജാതിക്കാരായ ഉദ്യോഗാർത്ഥികളെ ദ്രോഹിക്കുന്നത് സാമാന്യ നീതിയുടെ ലംഘനമാണ്.

മുൻപരിചയമെന്ന മാനദണ്ഡം ഉപയോഗിച്ച് പട്ടിക വിഭാഗക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ നിന്ന് വ്യാപകമായി ഒഴിവാക്കുന്നത് മനസിലാക്കി ഇ.കെ. നായനാർ സർക്കാരാണ് മുൻപരിചയം വേണ്ടെന്ന് തീരുമാനിച്ചത്. അർഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും പട്ടികവിഭാഗങ്ങൾക്ക് നിഷേധിക്കുന്നത് എൽ.ഡി.എഫ് സർക്കാരിന്റെയോ സി.പി.എമ്മിന്റെയോ നയമല്ല. സർക്കാർ, പാർട്ടി വിരുദ്ധനയം നടപ്പാക്കാനാണ് ജി.സി.ഡി.എ ശ്രമിക്കുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ദളിതരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ തീരുമാനിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പട്ടികജാതി വിഭാഗങ്ങൾക്ക് നിയമനങ്ങൾ ജി.സി.ഡി.എ നിഷേധിക്കുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.