പള്ളുരുത്തി: ചെല്ലാനത്ത് ഇന്നലെ കടൽവെള്ളം വീടുകളിലേക്ക് അടിച്ചു കയറി. വൈകിട്ട് നാല് മണിയോടെ ബസാർ, വേളാങ്കണ്ണി, കമ്പനിപ്പടി ഭാഗത്തായിരുന്നു വെള്ളം ഇരച്ചു കയറിയത്.ഈ ഭാഗത്ത് സ്ഥാപിച്ചിരുന്ന ബാഗുകൾ കടൽവെള്ളത്തിൽ ഒലിച്ചുപോയി.ഞായറാഴ്ച ജില്ലാ കളക്ടർ ഈ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.തുടർന്ന് ഒരു സാധു കുടുംബത്തിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ കളക്ടർ കടൽഭിത്തിയുടെ കാര്യത്തിൽ അടിയന്തിരമായി തീരുമാനമുണ്ടാക്കുമെന്ന് അറിയിച്ചു. ജിയോട്യൂബും, ജിയോ ബാഗും ഒന്നും ഇവിടെ ശാശ്വതമാകില്ലെന്ന് തീരദേശ വാസികൾ പറയുന്നു. ദ്രോണാചാര്യ മോഡൽ കടൽഭിത്തിയാണ് വേണ്ടത് . ഉയരത്തിൽ കടൽഭിത്തി നിർമ്മിച്ചാൽ കടൽവെള്ളം വീടുകളിലേക്ക് കയറില്ലെന്നാണ് ഇവർ പറയുന്നത്.ഇന്നലെ മാത്രം 50 ഓളം വീടുകളിൽ വെള്ളം കയറി. വരും ദിവസങ്ങളിൽ കടലിന്റെ കലി ഇനിയും കൂടുമെന്നാണ് ഇവർ പറയുന്നത്.