കോലഞ്ചേരി: സഭാ തർക്കം രൂക്ഷമായപ്പോൾ മരിച്ച യാക്കോബായ വിശ്വാസിയുടെ സംസ്കാരം ഒളിച്ചു നടത്തി . തർക്കത്തിലിരിക്കുന്ന വരിക്കോലി പള്ളിയിലാണ് സംസ്കാരത്തിന് ഒളിച്ചു പോകേണ്ട അവസ്ഥ ഉണ്ടായത്.
വരിക്കോലി ചെന്നോത്ത് യോഹന്നാനാ (76) ണ് ഞായറാഴ്ച മരിച്ചത് . ഇന്നലെ ഉച്ച കഴിഞ്ഞ് സംസ്കാരം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചു. നിലവിൽ ഓർത്തഡോക്സ് പക്ഷത്തിനാണ് പള്ളിയുടെ നിയന്ത്രണം. പള്ളിയിലെ വികാരിയുടെ സംസ്ക്കാര ശുശ്രൂഷ നടത്താതെ സംസ്ക്കരിക്കാനാകില്ലെന്ന് ഓർത്തഡോക്സ് പക്ഷം നിലപാട് എടുത്തതോടെ സുപ്രീം കോടതി വിധി നടപ്പാക്കാൻ ജില്ലാ ഭരണകൂടം പൊലീസിനു നിർദ്ദേശം നല്കി .
മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. വരിക്കോലി പ്രധാന പള്ളിയോട് സമീപമുള്ള യാക്കോബായ വിഭാഗം ചാപ്പലിൽ സംസ്ക്കാര ശുശ്രൂഷ പൂർത്തിയാക്കി മൃതദേഹവുമായി പ്രധാന പള്ളിയിലേക്ക് എത്തുന്നത് തടയാൻ പൊലീസ് വഴിയിൽ നിലയുറപ്പിച്ചു. മണിക്കൂറുകൾ കഴിഞ്ഞിട്ടും സംസ്കാരത്തിനായി ആരുമെത്തിയില്ല. അതോടെ പൊലീസ് പിൻവാങ്ങി. തുടർന്ന് ചാപ്പലിൽ നിന്നും ആംബുലൻസിൽ മൃതദേഹം പുറത്തേയ്ക്ക് കൊണ്ടുപോയി. ആശുപത്രി ഫ്രീസറിലേക്ക് കൊണ്ടുപോകുന്നതായാണ് അറിയിച്ചത്. എന്നാൽ മൃതദേഹം സെമിത്തേരിയുടെ പിന്നിലേയ്ക്കാണെത്തിച്ചത്. പള്ളിയ്ക്ക് മുന്നിൽ സുരക്ഷ ഒരുക്കുന്ന പൊലീസറിയാതെ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാനുള്ള കുഴിയും തയ്യാറാക്കിയിരുന്നു.
പിന്നിലൂടെ എത്തിച്ച മൃതദേഹം നിമിഷങ്ങൾക്കകം സംസ്ക്കാരിച്ച് ബന്ധുക്കൾ സെമിത്തേരി വിട്ടു. കോടതി ഉത്തരവി ലംഘിച്ച് സംസ്ക്കാരം നടത്തിയതിനെതിരെ ഓർത്തഡോക്സ് സഭ കോടതിയലക്ഷ്യ കേസുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.