കൊച്ചി : തലസ്ഥാനം വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയ കാർട്ടൂണിസ്റ്റ് സുകുമാർ ആദ്യം വരച്ചത് പാലാരിവട്ടം ഫ്ളൈ ഓവറിലെ പാലംവലി. പിറന്നാൾ ദിനത്തിൽ കേക്കും പൊന്നാടയുമായി കാർട്ടൂണിസ്റ്റുകൾ തേടി വന്നപ്പോഴാണ് തകർന്ന പാലാരിവട്ടം ഫ്ളൈ ഓവർ അദ്ദേഹം വരച്ചത്.
"പാലം വലിക്കുന്നതിൽ മലയാളികൾ മുന്നിലാണ്. വട്ടത്തിലാക്കാനും പലർക്കും മിടുക്കുണ്ട്. പാലാരിവട്ടത്തിൽ ഇതു രണ്ടുമുണ്ട്..'' ചിരി പടരുന്നതിനിടെ അദ്ദേഹം ഫ്ളൈഓവർ വരച്ചുകാട്ടി.
സുകുമാറിന്റെ എൺപത്തെട്ടാം പിറന്നാളായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തുനിന്ന് വരാപ്പുഴയിലെ വീട്ടിലേയ്ക്ക് താമസം മാറ്റിയത്. കേരള കാർട്ടൂൺ അക്കാഡമിയാണ് പിറന്നാൾ ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചും പൊന്നാട അണിയിച്ചും വരച്ചും കാർട്ടൂണിസ്റ്റുകളും ഒപ്പംകൂടി പിറന്നാൾ ആഘോഷം കൊഴുപ്പിച്ചു.
''ജീവിതത്തിൽ പൂർണ തൃപ്തിയാണ്. കഴിഞ്ഞ കാലമെല്ലാം തലസ്ഥാനത്തായിരുന്നു. നിന്നാൽ കാലുവാരുന്ന സ്ഥലമാണ് തിരുവനന്തപുരമെന്നാണ് പലരും പറയുന്നത്. അതുകൊണ്ടാണ് സാക്ഷാൽ ശ്രീപത്മനാഭൻ തന്നെ കിടക്കാമെന്ന് കരുതിയതെന്നും തമാശയായി പറയാറുണ്ട്. ഇനി കുറെക്കാലം കൊച്ചിയിലാണ്. ഇവിടെയുമുണ്ട് വരയ്ക്കാനും ചിരിയോടെ പറയാനും ചിന്തിക്കാനും ഒരുപാട് വിഷയങ്ങൾ. ഒരുകൈ പറ്റുമെങ്കിൽ നോക്കാം..'' അദ്ദേഹം പറഞ്ഞു.
കാർട്ടൂൺ അക്കാഡമി നിർവാഹക സമിതി അംഗം എ. സതീഷിന്റെ കൊച്ചിയിലെ വസതിയിലായിരുന്നു പരിപാടി. എന്താണ് ആരോഗ്യരഹസ്യമെന്ന് പലരും ചോദിക്കും. നല്ലനടപ്പെന്നാണ് മറുപടി നൽകാറുള്ളത്. സായാഹ്നങ്ങളിലെ നടത്തം മുടക്കാത്ത സുകുമാർ ചിരിയോടെ വിവരിച്ചു.
മദ്ധ്യവയസു കഴിഞ്ഞ് ഷുഗറും പ്രഷറുമൊക്കെയായി നടക്കുന്ന ചിലർ കാണുമ്പോൾ ചോദിക്കും, ആരോഗ്യമെങ്ങനെ..? 'ഷുഗറും പ്രഷറുമെന്നൊക്കെ ഞാൻ പറയും. പിന്നെ യോഗയുള്ളതുകൊണ്ട് പിടിച്ചു നിൽക്കുന്നുവെന്നും പറയും. അതോടെ അവർക്ക് സമാധാനമാവും. സത്യത്തിൽ ഒന്നുമില്ല. ഈ നടപ്പേയുള്ളു.''
കാർട്ടൂൺ അക്കാഡമി ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി തോമസ് ആന്റണി, വൈസ് ചെയർമാൻ കാർത്തിക കറ്റാനം, ജോയിന്റ് സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, ബൈജു പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. ഹാസ്യസാഹിത്യകാരനും തിരക്കഥാകൃത്തുമായ കൃഷ്ണ പൂജപ്പുരയും ആശംസ നേരാനെത്തി. കാർട്ടൂണിസ്റ്റ് യേശുദാസനും സുകുമാറിന് ജന്മദിനാശംസകൾ നേർന്നു.
ഭാര്യ സാവിത്രിയുടെ അനാരോഗ്യത്തെ തുടർന്നാണ് തിരുവനന്തപുരത്തു നിന്ന് സുകുമാർ മകൾ സുമംഗലയുടെ വരാപ്പുഴയിലെ വീട്ടിലേക്ക് താമസം മാറിയത്.