കോതമംഗലം: പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ എ.വി. സുരേഷിനെതിരെ യു.ഡി.എഫ് അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. 13 അംഗ ഭരണസമിതിയിലെ ആറ് യു.ഡി.എഫ് അംഗങ്ങൾ ചേർന്നാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫിലെ ആറ് അംഗങ്ങളോടൊപ്പം സ്വതന്ത്ര അംഗമായ വൈസ് പ്രസിഡന്റ് ജാൻസി ഷാജിയും പ്രമേയത്തെ അനുകൂലിച്ചതോടെ അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. മറ്റു അംഗങ്ങൾ വിട്ടുനിന്നു.
13 അംഗങ്ങളുള്ള ഭരണസമിതിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനകീയ വികസന മുന്നണിക്കും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതവും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. സ്വന്തന്ത്ര അംഗമായ ജാൻസി ഷാജി യു.ഡി.എഫിനെ പിന്തുണച്ചെങ്കിലും കോൺഗ്രസിലെ സന്തോഷ് കെ. കുമാറിന്റെ വോട്ട് അസാധു ആയതോടെ നറുക്കെടുപ്പിലൂടെ സുരേഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥി ജാൻസി ഷാജി വൈസ് പ്രസിഡന്റുമായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.ഐ ഒറ്റയ്ക്ക് മത്സരിച്ചതിനാൽ സി.പി.എമ്മും കേരള കോൺഗ്രസിലെ വിമത വിഭാഗവും ചേർന്ന് ജനകീയ വികസന മുന്നണി എന്ന പേരിലാണ് മത്സരിച്ചത്.