കൊച്ചി : ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടിയുടെ (കെൽസ) ആഭിമുഖ്യത്തിൽ 14 ജില്ലാ കോടതികളിലുൾപ്പെടെ 345 ബൂത്തുകളിൽ 13 ന് അദാലത്തുകൾ സംഘടിപ്പിക്കും. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അന്ന് രാവിലെ ഒമ്പതിന് എറണാകുളം ജില്ലാ കോടതി സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് നിർവഹിക്കും. അദാലത്തിലേക്ക് 1,27, 694 പരാതികൾ ലഭിച്ചെന്നും ഇവയിൽ 37,338 കേസുകൾ വിവിധ കോടതികളിൽ നിലവിലുള്ളവയാണെന്നും കെൽസ എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അദാലത്തിൽ പരിഗണിക്കാനായി 12 വരെ കെൽസ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി, താലൂക്ക് ലീഗൽ സർവീസ് അതോറിട്ടി എന്നിവിടങ്ങളിൽ പരാതി നൽകാനാവും. നിലവിൽ ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട് 26545 കേസുകൾ പരിഗണനയ്ക്ക് വന്നിട്ടുണ്ട്.
പരിഗണിക്കുന്ന കേസുകൾ
സർഫാസി നിയമപ്രകാരമുള്ള ബാങ്ക് ജപ്തി കേസുകൾ, വാഹനാപകടക്കേസുകൾ, തൊഴിൽ തർക്കം, ഇലക്ട്രിസിറ്റി - വാട്ടർ ബിൽ തർക്കം, സിവിൽ തർക്കം, വിവാഹ തർക്കങ്ങൾ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ, ചെക്കു കേസുകൾ, ഹൈക്കോടതിയും ജില്ലാ കോടതിയും പരിഗണിക്കുന്ന റവന്യൂ കേസുകൾ, വാടക കേസുകൾ, സ്റ്റാമ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊതുമാപ്പ് അടിസ്ഥാനത്തിലുള്ള കേസുകൾ, ഒത്തുതീർപ്പിന് സാദ്ധ്യതയുള്ള ക്രിമിനൽ കേസുകൾ തുടങ്ങിയവ.