കോലഞ്ചേരി: പട്ടിമ​റ്റത്ത് വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകൾ സിവിൽസ്‌​റ്റേഷൻ സംവിധാനത്തിൽ പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമായി. ഇതിനായി പട്ടിമ​റ്റം ജംഗ്ഷനു സമീപം നീലിമലയിലെ ഏക്കറുകണക്കിന് പുറമ്പോക്കു ഭൂമി പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം. വൈദ്യുതി ബോർഡ്, ക്ഷീരകർഷക ഓഫീസ് തുടങ്ങിയവ വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, സർക്കാർ ഗസ്​റ്റ് ഹൗസ്, ഫയർ സ്​റ്റേഷൻ, സർക്കാർ ആശുപത്രി, വാട്ടർ അതോറി​റ്റി ഓഫീസ് എന്നിവയെല്ലാം നീലിമലയിലാണ് പ്രവർത്തിക്കുന്നത്. ഈ ഓഫീസുകളെല്ലാം ജനങ്ങളുടെ സൗകര്യത്തിനായി സിവിൽ സ്​റ്റേഷൻ സംവിധാനത്തിൽ പ്രവർത്തിക്കണമെന്നാണ് ആവശ്യം. ഇപ്പോൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ അന്വേഷിച്ചു നടക്കേണ്ട ഗതികേടിലാണ്. പട്ടിമ​റ്റം പഞ്ചായത്ത് രൂപീകരണം ഗവൺമെന്റ് പരിഗണനയിലിരിക്കെ പഞ്ചായത്ത് ഓഫീസും നീലിമലയിൽ സ്ഥാപിക്കാനാകും. കുന്നത്തുനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള പട്ടിമ​റ്റം പ്രദേശത്തുള്ളവർക്ക് സ്വന്തം പഞ്ചായത്ത് ഓഫീസിൽ എത്തണമെങ്കിൽ സമീപ പഞ്ചായത്തായ കിഴക്കമ്പലം വഴി ഒമ്പത് കിലോമീ​റ്റർ ചു​റ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്.