panabilly
പനമ്പള്ളി നഗർ

അടച്ചുപൂട്ടൽ ഭീതിയിൽ വാണിജ്യസ്ഥാപനങ്ങൾ

കൊച്ചി : നഗരത്തിലെ ഏറ്റവും പ്രധാനമേഖലകളിലൊന്നായ പനമ്പിള്ളിനഗറിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് വീണ്ടും മരണമണി മുഴങ്ങുന്നു. അടച്ചുപൂട്ടാൻ നോട്ടീസ് ലഭിച്ചുതുടങ്ങിയതോടെ 380 വ്യാണിജ്യ സ്ഥാപനങ്ങളും സംരംഭകരും ആയിരത്തിലേറെ ജീവനക്കാരും ആശങ്കയിലായി. സംയുക്ത മേഖലയായി നഗരസഭ പ്രഖ്യാപിച്ച ശേഷമാണ് കുടിയിറക്കിന് നീക്കം നടക്കുന്നത്.

പനമ്പിള്ളിനഗറിനെ പാർപ്പിടമേഖലയായി മുമ്പ് പ്രഖ്യാപിച്ചിരുന്നു. താമസക്കാർ വർദ്ധിച്ചതോടെ അവർക്കാവശ്യമായ വസ്തുക്കൾ ഏറ്റവും സമീപം ലഭിക്കുന്ന സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തനം ആരംഭിച്ചു. ഒന്നിലേറെ നിലയുള്ള വീടുകളിലെ താഴത്തെ നിലയിലാണ് ഭൂരിപക്ഷം സ്ഥാപനങ്ങളും വർഷങ്ങളായി പ്രവർത്തിക്കുന്നത്. സ്ഥാപനങ്ങളിൽ നിന്നുള്ള വാടകയാണ് താമസക്കാരിൽ പലരുടെയും വരുമാനമാർഗവും.

പാർപ്പിട മേഖലയിൽ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ചട്ടവിരുദ്ധവും താമസക്കാർക്ക് ശല്യവുമാണെന്ന് ചൂണ്ടിക്കാട്ടിഒരുവിഭാഗം താമസക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്ഥാപനങ്ങൾ പൂട്ടണമെന്ന ഉത്തരവുണ്ടായത്. ഇതുപ്രകാരം സ്ഥാപനങ്ങൾ പൂട്ടാൻ നഗരസഭ നോട്ടീസ് നൽകിത്തുടങ്ങിയതായി പനമ്പിള്ളിനഗർ അസോസിയേഷൻ ഒഫ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ്സ് ആൻഡ് റസിഡന്റ്സ് ഭാരവാഹികൾ പറഞ്ഞു.

# സംയുക്തമേഖലയാക്കിയിട്ടും ഫലമില്ല

ഭൂരിപക്ഷം താമസക്കാരുടെ ആവശ്യം പരിഗണിച്ചും സംരംഭകർക്കും ജീവനക്കാർക്കും സംഭവിക്കാൻ സാദ്ധ്യതയുള്ള ഭീമമായ നഷ്ടം കണക്കിലെടുത്തും പനമ്പിള്ളിനഗറിനെ സംയുക്ത മേഖലയാക്കി നഗരസഭ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ നിർദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ സർവേയും ഹിയറിംഗും പൂർത്തിയാക്കിയാണ് പനമ്പിള്ളിനഗറിനെ വാണിജ്യ പാർപ്പിട സംയുക്ത മേഖലയായി മാറ്റി പ്രഖ്യാപിച്ചത്. അതിനുശേഷവും കോടതി വിധി ചൂണ്ടിക്കാട്ടി സംരംഭകരെ കുടിയിറക്കുന്നത് സ്ഥാപിത താല്പര്യത്തിന്റെ പേരിലാണെന്ന് വ്യാപാരികളും ഒരുവിഭാഗം പ്രദേശവാസികളും ആരോപിക്കുന്നു.

# അസോസിയേഷൻ പറയുന്നു

പനമ്പിള്ളിനഗറിന് ചുറ്റും ആയിരക്കണക്കിന് ജനങ്ങൾ താമസിക്കുന്നു. അര നൂറ്റാണ്ടിനിടയിൽ താമസക്കാരുടെ നിത്യോപയോഗ, ആഹാര ആവശ്യങ്ങൾ നിറവേറ്റാൻ സ്ഥാപനങ്ങൾ ആരംഭിച്ചു. ഇപ്പോൾ ഏകദേശം 380 വാണിജ്യ സ്ഥാപനങ്ങളുണ്ട്. അവയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുമുണ്ട്. കാലഹരണപ്പെട്ട വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി സ്ഥാപിത താല്പര്യക്കാർ കോടതിയിൽ നിന്ന് അനുകൂലവിധി നേടിയെടുത്താണ് സ്ഥാപനങ്ങൾ പൂട്ടാൻശ്രമം നടത്തുന്നത്.

# സ്ഥാപനങ്ങൾ പൂട്ടപ്പെട്ടാൽ

വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതോടെ പനമ്പിള്ളിനഗറിന്റെ മുഖച്ഛായ നഷ്ടപ്പെടും.

ലക്ഷങ്ങൾ നിക്ഷേപിച്ചു വ്യാപാരങ്ങൾ ആരംഭിച്ച ചെറുകിട സംരംഭകർ വൻ പ്രതിസന്ധിയിലാകും.

ജോലി നഷ്ടപ്പെടുന്നതോടെ ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലാകും.

പ്രദേശം സാമൂഹ്യ വിരുദ്ധരുടെയും മറ്റ് മാഫിയകളുടെയും വിഹാര കേന്ദ്രമാകാൻ സാദ്ധ്യത.

# ചില കണക്കുകൾ

സ്ഥാപനങ്ങൾ : 380

ജീവനക്കാർ : 1000 ലേറെ

പരിസരത്തെ ഫ്ളാറ്റുകൾ : 350

ഫ്ളാറ്റിലെ താമസക്കാർ : ആയിരങ്ങൾ

# ചർച്ചയിലൂടെ പരിഹരിക്കണം

വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി സംരംഭകരെയും ജീവനക്കാരെയും പ്രദേശവാസികളെയും പീഡിപ്പിക്കുന്ന സമീപനം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ തയ്യാറാണ്.

ശ്രീനിവാസൻ കൃഷ്ണൻ

പ്രസിഡന്റ്

അസോസിയേഷൻ