കൊച്ചി: രഹസ്യ റേവ് പാർട്ടികൾക്കായി മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ആലുവ ചുണങ്ങംവേലി ഒസാരി ഹൗസിൽ അബ്ദുൾ റഷീദിനെ (34)ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘം പിടികൂടി. ഉപഭോക്താക്കൾക്കിടയിൽ ഫ്രഞ്ച് ഫ്രൈ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 105 ഡയസെപാം ഐ.പി മയക്കുമരുന്ന് ഗുളികകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയുമധികം ഡയസെപാം മയക്ക് മരുന്നുകൾ പിടിച്ചെടുക്കുന്നത്. ശസ്‌ത്രക്രിയയ്‌ക്ക് മുമ്പ് മയക്കത്തിനും, അമിതമായ ഭയം, ഉത്കണ്ഠ പോലുള്ള മാനസിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനുമാണ് ഇവ നൽകുന്നത്.
അബ്ദുൾ റഷീദിന്റെ സംഘത്തിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായി എക്‌സൈസ് അറിയിച്ചു. ബംഗളുരൂവിൽ സ്ഥിരതാമസമാക്കിയ ഒരു വിദേശിയിൽ നിന്നാണ് ഇയാൾ മയക്ക് മരുന്ന് വാങ്ങി കേരളത്തിൽ എത്തിക്കുന്നത്. റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഏജന്റിന് മയക്ക് മരുന്ന് കൈമാറുവാൻ ആലുവയ്ക്കടുത്ത് ചൂണ്ടിയിൽ നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വാസുദേവൻ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി.ടോമി, എൻ.ജി.അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസ മാരായ സിയാദ്, നീതു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.