nava-palathuruth-veedu-
നവ പാലാതുരുത്തിന്റെ നേതൃത്വത്തിൽ മണപ്പാട്ടുത്തറ ഷാജിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹൻ നിർവ്വഹിക്കുന്നു.

പറവൂർ : ചേന്ദമംഗലം പഞ്ചായത്തിലെ പാലാതുരുത്തിൽ പതിനൊന്ന് യുവാക്കൾ രൂപീകരിച്ച നവ പാലാ തുരുത്ത് എന്ന കൂട്ടായ്മയും സംവിധായകൻ രാജീവ് രവി നേതൃത്വം നൽകുന്ന കളക്ടീവ് ഫേയ്സ് വൺ സംഘടനയും, ഗോപാൽജി ഫൗണ്ടേഷനും സംയുക്തമായി പാലാതുരുത്ത് മണപ്പാട്ടുതറ ഷാജിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സിപി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവ്വഹിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, കളമശ്ശേരി ഏരിയ കമ്മിറ്റിംഗം അഡ്വ. മുജീബ് റഹ്മാൻ, ടി.ആർ. ലാലൻ. ടി.വി. നിഥിൻ, ടി.ഡി. സുധീർ, പ്രമോദ് ശങ്കർ, എ.ഐ. ഇസ്മായിൽ, ഫസൽ, എം.എം. നാസർ, പി.എസ്. ഷനീർ, ഷഹാന തുടങ്ങിയവർ സംസാരിച്ചു. പ്രളയാനന്തരം ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡായ പലാതുരുത്തിന്റെ പുനർനിർമ്മാണ പ്രവർത്തനത്തിനായി രൂപംകൊണ്ട നവ പാലാതുരുത്ത് കൂട്ടായ്മ 14 വീടുകൾ പുനർനിർമ്മിച്ചു. മൂന്ന് വീടുകൾ പൂർണ്ണമായും നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിക്കുന്ന 'ഒപ്പം' കൂട്ടായ്മയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഗോപാൽജി ഫൗണ്ടേഷനുമായി സഹകരിച്ച് തുടക്കം കുറിച്ചു. ജൈവകൃഷി, നാടിന്റെ സമ്പൂർണ്ണ മാലിന്യ നിർമ്മാർജനം, പ്ലാസ്റ്റിക് ബഹിഷ്ക്കരണം, വനിതകളുടെ സ്വയംതൊഴിൽ യൂണിറ്റുകൾ, കിടപ്പു രോഗികൾക്കു വേണ്ടി ചികിത്സയും മൊബൈൽ ലൈബ്രറിയും തുടങ്ങിയവയാണ് ഒപ്പം ഗോപാൽജി ഫൗണ്ടേഷൻ കൂട്ടായ്മകൊണ്ട് ലക്ഷ്യമിടുന്നത്