കൊച്ചി : പൊതുമേഖലാ സ്ഥാപനമായ കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യയെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നതായി ചെയർമാൻ അഡ്വ. ടി.ആർ. രമേശ് കുമാർ പറഞ്ഞു. ആരംഭകാലം മുതൽ നഷ്ടത്തിലായിരുന്ന കമ്പനി ഈവർഷം ഏപ്രിലിൽ ലാഭത്തിലെത്തിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്ന് പായ്ക്കറ്റിലാക്കിയ ഇറച്ചി വിൽപ്പന 2017 ജനുവരിയിൽ നിറുത്തിയതാണ്. ഇതിന്റെ ഇടനിലക്കാരായ ചില യൂണിയൻ, രാഷ്ട്രീയ നേതാക്കളാണ് കുപ്രചാരണങ്ങൾക്ക് പിന്നിൽ. ഇ-ടെൻഡർ വഴി ഉരുക്കളെ വാങ്ങുന്ന സംവിധാനം കൊണ്ടുവന്നതിന്റെ പേരിലാണ് ഡയറക്ടർ ബോർഡംഗത്തിന്റെ നേതൃത്വത്തിൽ കമ്പനിക്ക് മുമ്പിൽ സമരം അരങ്ങേറിയത്. ബാങ്കുകൾ വായ്പ നൽകാൻ തയ്യാറായപ്പോഴും പരാതികളുമായി ചിലർ രംഗത്തിറങ്ങിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മാനേജിംഗ് ഡയറക്ടർ ഡോ.എ.എസ്.ബിജുലാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.