ആലുവ: ആലുവ നഗരസഭയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിക്കാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ധാരണയായി. ചെയർപേഴ്‌സനും വൈസ് ചെയർപേഴ്‌സനും അംഗങ്ങളും തമ്മിലുള്ള പരസ്പര പോർവിളികൾക്കിടയിൽ നേതാക്കന്മാരുടെ നിർദ്ദേശ പ്രകാരമാണ് അടിയന്തിര കൗൺസിൽ ചേരുന്നത്.
അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. ധനകമ്മി ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ വിളിക്കണമെന്നാവശ്യവുമായി പ്രതിപക്ഷം സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചല്ല അടിയന്തിര യോഗ തീരുമാനമെന്നാണ് ഭരണപക്ഷ നിലപാട്. പ്രതിപക്ഷത്തിന്റേത് മുനിസിപ്പൽ ചട്ടം പാലിച്ചുള്ള കത്തല്ലെന്നാണ് വിശദീകരണം. ഭരണപക്ഷമായ കോൺഗ്രസിന് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. അതിനാൽ എല്ലാ അംഗങ്ങളുടെയും സൗകര്യം പരിശോധിച്ച ശേഷമേവതീയതി നിശ്ചയിക്കൂ. ഭരണപക്ഷത്തെ ആരെങ്കിലും എത്താതിരുന്നാൽ എല്ലാം കൈവിട്ടുപോകുന്ന സാഹചര്യമാണ്. അടിയന്തിര കൗൺസിൽ വിളിക്കാൻ സെക്രട്ടറിക്ക് കത്ത് നൽകിയെന്നും എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ചെയർപേഴ്‌സൺ ലിസിഎബ്രഹാം അറിയിച്ചു.
ഭരണപക്ഷ വീഴ്ചയെ ചൊല്ലിയാണ് പാർലമെന്ററി പാർട്ടി യോഗത്തിൽ ബഹളം നടന്നത്. അധികാരത്തിലേറുമ്പോൾ ചെയർപേഴ്‌സന് പുറമെ വൈസ് ചെയർപേഴ്‌സൻ സി. ഓമനയും എ ഗ്രൂപ്പ് നോമിനിയായിരുന്നു. അടുത്തിടെ ഓമന ഐ പക്ഷത്തേക്ക് മാറി. ഇതും തർക്കത്തിന് മൂർച്ച കൂട്ടി. ഒരു വർഷത്തിന് ശേഷം നേതൃമാറ്റം പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. ഇത് ചർച്ചയായില്ലെങ്കിലും സ്ഥാനമോഹികൾ ഇതെല്ലാം മനസിൽവെച്ചായിരുന്നു ചർച്ച കൊഴുപ്പിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെ ശമ്പളം നൽകിയെന്ന് നഗരസഭ
ചെയർപേഴ്സൺ ലിസി എബ്രഹാം അറിയിച്ചു.