കൊച്ചി : നവീകരിച്ച മൂവാറ്റുപുഴ - ചെങ്ങന്നൂർ റോഡിൽ അപകടരഹിത യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകളിൽ പലതും മിഴി തുറക്കുന്നില്ല. വൈദ്യുതി ലഭ്യമാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥയാണ് കാരണമെന്ന് റോഡ് നവീകരിച്ച കെ.എസ്.ടി.പി ഉദ്യോഗസ്ഥർ പറയുന്നു. കൂത്താട്ടുകുളം, ളായിക്കാട്, പെരുന്ന, പാലത്ര സിഗ്നൽ ലൈറ്റുകൾ സ്ഥിരമായി പ്രവർത്തിപ്പിച്ചു തുടങ്ങാത്തതിനെതിരെ പ്രതിഷേധം ശക്തമായി. ഇവിടങ്ങളിൽ ലെെറ്റുകൾ ഇടക്കാലത്ത് പ്രവർത്തിച്ചിരുന്നതാണ്.

# എല്ലായിടത്തും ഹെെബ്രിഡ് ലെെറ്റുകൾ

കെ.എസ്.ടി.പിയുടെ നിർമാണ ജോലികളുടെ ഭാഗമായിട്ടാണ് എം.സി റോഡിൽ കെൽട്രോണിന്റെ നേതൃത്വത്തിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. മൂന്ന് തരത്തിലുള്ള ഇൻപുട്ടോടു കൂടിയ ഹൈബ്രിഡ് സിഗ്നൽ ലൈറ്റുകളാണ് സ്ഥാപിച്ചത്. പകൽ സമയത്ത് സൗരോർജത്തിന്റെയും രാത്രിയിൽ കെ.എസ്.ഇ.ബിയിൽ നിന്ന് ലഭ്യമാക്കുന്ന വൈദ്യുതിയുടെയും സഹായത്തോടെ പ്രവർത്തിക്കുന്നവയാണ് ഹൈബ്രിഡ് ലൈറ്റുകൾ. രാത്രിയിൽ വൈദ്യുതി തടസം നേരിട്ടാൽ ബാറ്ററിയിൽ പ്രവർത്തിക്കും.

# ചെലവ് 21 ലക്ഷം

ഓരോ സ്ഥലത്തും ലൈറ്റ് സ്ഥാപിച്ചതിന് 21 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. മൂന്ന് വർഷത്തെ ഗാരന്റിയുമുണ്ട്. ഒരേ ദിശയിൽ രണ്ട് സെറ്റ് ലൈറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളാണ് വൈദ്യുതി ലഭ്യമാക്കേണ്ടതെന്ന് കെ.എസ്.ടി.പി ഉദ്യോഗസ്ഥർ പറയുന്നു. കോട്ടയത്തും ഏറ്റുമാനൂരും ഇതേ രീതിയിലാണ് ലൈറ്റുകൾ പ്രവർത്തിക്കുന്നത്. കൂത്താട്ടുകുളത്ത് ഇതിനുള്ള നടപടി ആരംഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സൗരോർജത്തിന്റെ സഹായത്തോടെ താത്കാലികമായി സിഗ്നൽ ലൈറ്റുകളിൽ ബ്ലിങ്കറുകൾ പ്രവർത്തിപ്പിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും പൂർണതോതിൽ പ്രവർത്തനസജ്ജമാകണമെങ്കിൽ വൈദ്യുതി അത്യാവശ്യമാണ്.

# സമയക്രമീകരണം വേണം

സിഗ്നൽ ലൈറ്റുകളിൽ പട്ടിത്താനം മുതൽ മൂവാറ്റുപുഴ വരെ ലക്ഷ്യമിട്ടുള്ള സമയക്രമീകരണം ആവശ്യമാണ്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും കെ.എസ്.ടി.പിയും കെൽട്രോണിന്റെ സാങ്കേതിക വിദഗ്ദ്ധരും ചേർന്നുള്ള പരിശോധന പൂർത്തിയായിട്ടുണ്ട്. ഇനി പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന നടത്തണം. ലൈറ്റുകൾ തെളിഞ്ഞു തുടങ്ങിയതോടെ കുറവിലങ്ങാട് പ്രധാന കവലയിൽ ഗതാഗതക്കുരുക്കു മുറുകിയതായും ആക്ഷേപമുണ്ട്. തിരക്കേറിയ റൂട്ടിൽ നിന്നുള്ള വാഹനങ്ങൾക്ക് കൂടുതൽ സമയവും താരതമ്യേന തിരക്ക് കുറഞ്ഞ റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് കുറഞ്ഞസമയവും ജംഗ്ഷനുകളിൽ ഏർപ്പെടുത്തിയാൽ കുരുക്ക് ഒഴിവാക്കാനാകും.

തീരുമാനം തദ്ദേശസ്ഥാപനങ്ങളുടേത്

കൂത്താട്ടുകുളത്ത് സിഗ്നൽ വിളക്കുകൾ തത്കാലം പ്രവർത്തിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് നഗരസഭയാണ്. കൂത്താട്ടുകുളത്ത് പിറവം റോഡിൽ നിന്നുള്ള ഗതാഗതം ടൂവേ സമ്പ്രദായത്തിലേക്ക് മാറ്റിയതിനു ശേഷം സിഗ്നൽ വിളക്കുകൾ തെളിക്കും.

അമ്പിളി സി.ആർ

എക്സിക്യുട്ടീവ് എൻജിനിയർ,

കെ.എസ്.ടി.പി മൂവാറ്റുപുഴ