കൊച്ചി : നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലം അനുവദിക്കണമെന്ന് ബി.ഡി.ജെ.എസ് നേതൃത്വം ബി.ജെ.പിയോട് ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവ നേരിടാൻ ബൂത്തുതലം മുതൽ എൻ.ഡി.എയെ ശക്തമാക്കാനും ഇന്നലെ കൊച്ചിയിൽ ഇരു പാർട്ടികളുടെയും ചർച്ചയിൽ തീരുമാനിച്ചു.
കഴിഞ്ഞതവണ മത്സരിച്ച അരൂർ സീറ്റ് ആവശ്യപ്പെട്ടതായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. 15ന് തിരുവനന്തപുരത്ത് ചേരുന്ന എൻ.ഡി.എ യോഗത്തിൽ ഇക്കാര്യം തീരുമാനിക്കും. കേന്ദ്ര സർക്കാരിന് കീഴിലെ ബോർഡുകൾ, കോർപറേഷനുകൾ എന്നിവയിൽ ലഭിക്കേണ്ട സ്ഥാനങ്ങൾ രണ്ടു മൂന്നു മാസത്തിനകം തീരുമാനമാകും. ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുമായി നേരത്തേ ധാരണയിലെത്തിയിട്ടുണ്ട്. അർഹമായ പദവികൾ പാർട്ടിക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ യോഗത്തിന് മുന്നോടിയായി എല്ലാ സഖ്യകക്ഷികളുമായും ചർച്ച നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ തീരുമാനിക്കാൻ എൻ.ഡി.എ ചെയർമാൻ പി.എസ്. ശ്രീധരൻപിള്ള, കൺവീനർ തുഷാർ വെള്ളാപ്പള്ളി എന്നിവരെ നേരത്തേ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ അംഗങ്ങളായ തുഷാർ വെള്ളാപ്പള്ളി, കെ. പത്മകുമാർ, തഴവ സഹദേവൻ, സോമശേഖരൻനായർ, അഡ്വ. സംഗീത വിശ്വനാഥ്, എ.ജി. തങ്കപ്പൻ, പൈലി വാത്യാട്ട്, സുഭാഷ് വാസു, ടി.വി. ബാബു, വി. ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ, ബിനു കൊടുങ്ങല്ലൂർ, പി.ഡി. ശ്യാംദാസ്, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ എം.എൽ.എ, പി.എസ്. ശ്രീധരൻപിള്ള, എ.എൻ. രാധാകൃഷ്ണൻ, എം. ഗണേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.