മൂവാറ്റുപുഴ: ഇടയ്ക്കിടെ അതിശക്തമായി പെയ്യുന്ന മഴ നഗരത്തിലെയും ഗ്രാമങ്ങളിലെയും റോഡുകളെ തകർത്ത് തരിപ്പണമാക്കുകയാണ്. പലേടത്തും റോഡുകളിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നു. ഇവയിൽ മഴവെള്ളം നിറഞ്ഞു കിടക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നു. കുഴികളുടെ ആഴം മനസിലാക്കാൻ കഴിയാത്തതിനാൽ ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതൽ വിഷമിക്കുന്നത്. ഇവിടങ്ങളിലൂടെ കാൽനടയാത്രയും ദുരിതത്തിലാണ്. വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ ചെളിവെള്ളം ദേഹത്തേക്ക് തെറിക്കുമെന്നത് ഉറപ്പാണ്. ഇതേച്ചൊല്ലി ഡ്രൈവർമാരുമായി കലഹങ്ങളും പതിവാണ്.
# തകർന്ന റോഡുകൾ
കല്ലൂർക്കാട്, ആയവന, മഞ്ഞള്ളൂർ, മാറാടി പഞ്ചായത്തുകളിലെ ഭൂരിഭാഗം റോഡുകളും. മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളം - കാവന റോഡ്, കല്ലൂർക്കാട് പഞ്ചായത്തിലെ കല്ലൂർക്കാട് - നാഗപ്പുഴ റോഡ്, നീറമ്പുഴ- കുമാരമംഗലം റോഡ്, ആയവന പഞ്ചായത്തിലെ ആയവന - രണ്ടാർറോഡ്, ആയവന - കോതമംഗലം റോഡ്.
# നഗരസഭയുടെ റോഡും തഥൈവ
നഗരസഭയ്ക്ക് കീഴിലെ റോട്ടറി റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. നഗരത്തിലെ ഏക വൺവേറോഡ് കഴിഞ്ഞ പ്രളയത്തിലാണ് പൂർണമായി തകർന്നത്. വെള്ളൂർക്കുന്നത്തു നിന്നാരംഭിക്കുന്ന ഇ.ഇ.സി മാർക്കറ്റ് റോഡിന്റെ അവസ്ഥയും ദയനീയമാണ്. ആസാദ് റോഡ്, തൃക്കറോഡ് എന്നിവയും തകർച്ചയിലാണ്.
# റോഡുകൾ നവീകരിക്കണം
റോഡുകളിലെ കുഴികൾ അടിയന്തരമായി അടച്ച് അപകടം ഒഴിവാക്കുന്നതോടൊപ്പം റോഡുകളെല്ലാം നവീകരിക്കുന്നതിന് അധികാരികൾ നടപടി സ്വീകരിക്കണം.