thaluk
ആലുവ ബാങ്ക് കവലയിൽ പി.ഡബ്ളിയു.ഡി റോഡിലെ കൈയേറ്റം റവന്യു- പെതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അളന്ന് തിട്ടപ്പെടുത്തുന്നു

താലൂക്ക് സർവ്വേ ആരംഭിച്ചു

ആലുവ: ആലുവ ബാങ്ക് കവലയിൽ ബ്രിഡ്ജ് റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യു വകുപ്പ് സർവേ നടപടിയാരംഭിച്ചു. ഇന്നലെ രാവിലെ പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സർവ്വേ നടപടികൾ ആരംഭിച്ചത്.

റോയൽ പ്ളാസ മുതൽ ഫെഡറൽ ബാങ്കിന്റെ വളവ് വരെ നടന്ന സർവേയിൽ ഏകദേശം ഇരുപതോളംസെന്റ് സ്ഥലം കൈയേറിയതായി കണ്ടെത്തിയതായി സർവ്വേ ഉദ്യോഗസ്ഥർ പറഞ്ഞു. . 12 വർഷം മുമ്പ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പൊതുമരാമത്ത് വകുപ്പ് കൈയ്യേറ്റം ഒഴിപ്പിച്ച് തിരിച്ചുപിടിച്ച ഭൂമിയും കൈയേറിയതായി കണ്ടെത്തി. . കെട്ടിട ഉടമ വീണ്ടും മതിൽകെട്ടിയും ഗേറ്റ് സ്ഥാപിച്ചും സ്വന്തമാക്കുകയായിരുന്നു. കോൺക്രീറ്റ് കട്ടകൾ വിരിച്ച് വിശാലമായ പാർക്കിംഗ് ഏരിയയും ഒരുക്കി.

സമീപത്തെ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള വീടും കൈയേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തി. വി.എസ് സർക്കാരിന്റെ കാലത്ത് ഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുത്തെങ്കിലും വീട് എന്ന നിലയിൽ താത്കാലികമായി ഒഴിവാക്കുകയായിരുന്നു. ഇപ്പോൾ ഒരു ഭാഗത്ത് ഫ്രൂട്ട്സ് കടയും മറ്റൊരു ഭാഗത്ത് ലോട്ടറി കച്ചവടവുമാണ്. . ബൈപ്പാസിൽ നിന്നും ബാങ്ക് കവലയിലേക്കുള്ള റോഡിന്റെ വലതുവശം മാത്രമാണ് സർവ്വേ നടത്തിയത്. റോഡിന് എതിർവശം അര ഏക്കറോളം റവന്യു പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നവർ ഉൾപ്പെടെയുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽ റോഡിലെ കൈയേറ്റം മാത്രമാണ് പരിശോധിക്കുന്നത്. റവന്യു പുറമ്പോക്ക് കൈയേറ്റം കണ്ടെത്താൻനിർദ്ദേശം ലഭിക്കേണ്ടതുണ്ടെന്ന്സർവ്വേ ഉദ്യോഗസ്ഥർ പറഞ്ഞു.

ഗതാഗതക്കുരുക്കിൽ നഗരം നട്ടംതിരിഞ്ഞപ്പോൾ പരിഹാരവുമായി സി.പി.ഐ ലോക്കൽ സെക്രട്ടറിയായിരുന്ന കെ.ജെ. ഡൊമിനിക്കാണ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് റവന്യു - പി.ഡബ്ല്യു.ഡി വകുപ്പുകളെ സമീപിച്ചത്. 2017ൽ കൈയേറ്റങ്ങൾ തിട്ടപ്പെടുത്തിയെങ്കിലും പ്രളയത്തിൽ ഫയലുകൾ നഷ്ടമായി. 45 സെന്റോളം കൈയേറിയിട്ടുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് വീണ്ടും സർവ്വേ നടത്തുന്നത്. താലൂക്ക് സർവ്വേയർ പി.എ. അഷറഫ്, പി.ഡബ്ളിയു.ഡി ഓവർസിയർ മജ്ഞുഷ എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടപടികൾ ആരംഭിച്ചിട്ടുള്ളത്. ബാക്കി ഭാഗങ്ങൾ അടുത്തയാഴ്ച്ച അളക്കും.