കോലഞ്ചേരി: ആധുനിക നിലവാരത്തിൽ പള്ളിക്കര - മനയ്ക്കക്കടവ്, കിഴക്കമ്പലം - നെല്ലാട്, പട്ടിമറ്റം - പത്താംമൈൽ റോഡുകളുടെ പൂർത്തീകരണം ഇക്കൊല്ലം ഉണ്ടാകുമെന്ന പ്രതീക്ഷ മങ്ങി. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പാരയായത്. കിഫ്ബിയിൽ നിന്ന് 32.5 കോടി രൂപ അനുവദിച്ച് 22 കിലോമീറ്റർ ദൈർഘ്യത്തിലാണ് റോഡ് പുനർനിർമ്മിക്കുന്നത്. ആറുമാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.
# സമയബന്ധിതമായി പണി നടത്തുന്നില്ല
നിലവിൽ റോഡിന്റെ വീതികൂട്ടൽ പൂർത്തിയാക്കാനോ റോഡരികിലുള്ള കുടിവെള്ള പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കാനോ ബന്ധപ്പെട്ട വകുപ്പുകൾക്കായിട്ടില്ല. കാന നിർമ്മാണം പലയിടത്തും പാതിവഴിയിലാണ്. ഇതിനെല്ലാമുള്ള ചെലവ് യഥാസമയം അതത് വകുപ്പുകൾക്ക് നൽകിക്കഴിഞ്ഞിട്ടും ഇതാണ് അവസ്ഥ. റോഡ് വികസനത്തോടൊപ്പം ബസ് ബേ നിർമ്മാണം, കലുങ്കുകൾ മാറ്റി സ്ഥാപിക്കൽ എന്നിവയും നടത്തണം. എന്നാൽ സമയബന്ധിതമായി പണി നടത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
# മഴയെത്തി പണി നിർത്തി
റോഡ് ബി.എം.ബി.സി നിലവാരത്തിലാക്കാനാണ് കരാർ നൽകിയിട്ടുള്ളത്. ഉമ്മൻചാണ്ടി സർക്കാർ 25 കോടി രൂപയായിരുന്നു ആദ്യം അനുവദിച്ചത്. ഇത് പിന്നീട് 32.5 കോടി രൂപയാക്കി എൽ.ഡി.എഫ് സർക്കാർ വർദ്ധിപ്പിച്ചു. പട്ടിമറ്റം കനാൽ പാലം വീതി കൂട്ടുന്നതടക്കമുള്ള ജോലി തീരാനുണ്ട്. മഴ വീണ്ടും തുടങ്ങിയതോടെ പണികൾ തത്കാലം നിർത്തി. ഇനി എന്ന് തുടങ്ങും. അധികാരികൾക്ക് മിണ്ടാട്ടവുമില്ല.