mmmani
ഇലക്ട്രിസിറ്റി ബോർഡിന്റെ അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസ് മന്ദിരത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി എം.എം. മണി നിർവ്വഹിക്കുന്നു.

അങ്കമാലി: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി ബോർഡിനോ സർക്കാരിനോ അധികാരമില്ലെന്നും റെഗുലേറ്ററി കമ്മി​ഷനാണ് വർധന പ്രഖ്യാപിച്ചതെന്നും വകുപ്പ് മന്ത്രി എം.എം.മണി. നിരക്കു വർധന പുന:പരിശോധിക്കാൻ കഴിയില്ല. സർക്കാരുമായി സഹകരിക്കണം. ഡാമുകളി​ൽ പത്ത് ദിവസത്തേക്ക് കൂടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമേയുള്ളു. അതുകഴിഞ്ഞാൽ പവർകട്ടാണെന്നും മന്ത്രി പറഞ്ഞു. അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നിരക്ക് വർധന വലിയ സാരമില്ലെന്നു കരുതുന്നവരാണ് കൂടുതലും. കേന്ദ്രവൈദ്യുതി നിയമം അനുസരിച്ച് റെഗുലേറ്ററി കമ്മിഷനാണ് നിരക്ക് വർധിപ്പിക്കാൻ അധികാരം. ഭൂമിക്കടിയിലൂടെ കേബിളിട്ട് വൈദ്യുതി വിതരണം നടത്തണമെങ്കിൽ വൈദ്യുതി ബോർഡ് ആകെ വിറ്റാലും കഴിയില്ല.

കഴിഞ്ഞതവണ മഴകൊണ്ടു നശിച്ചു. ഇപ്പോൾ മഴയില്ലാതെ നശിക്കാൻ പോകുകയാണ്. വൈദ്യുതി വാങ്ങാൻ തയ്യാറാണ്. പക്ഷെ കൊണ്ടുവരാൻ ലൈനുകളില്ല. കൂടംകുളത്തു നിന്ന് 260 മെഗാ വാട്ട് കിട്ടും. അവിടെ ഒരു ടവർ നി​ർമ്മാണത്തി​ന് സ്റ്റേയുണ്ട്. സ്റ്റേ നീങ്ങിയാൽ 1000 മെഗാവാട്ട് വൈദ്യുതി ഈ ലൈനിലൂടെ കൊണ്ടുവരാം.

ഇനി ജലവൈദ്യുതി എളുപ്പമല്ല. ഇടുക്കിയിൽ രണ്ടാം പദ്ധതി നടപ്പാക്കാനായാൽ രാത്രിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാം. 1000 മെഗാവാട്ട് സൗരോർജ ഉൽപാദനത്തിനുള്ള നടപടികൾ മുന്നോട്ടുപോകുന്നുണ്ട്. ചെറുകിട പദ്ധതികളും കൂടി വികസിപ്പിച്ചാൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു.

റോജി എം.ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ പി.ജെ.ജോയി, നഗരസഭ അധ്യക്ഷ എം.എ.ഗ്രേസി, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസി, കെ.എസ്.ഇ.ബി മദ്ധ്യമേഖല വിതരണ വിഭാഗം ചീഫ് എൻജിനീയർ സൂസൻ പി.ജേക്കബ്, ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടർ പി.കുമാരൻ,പെരുമ്പാവൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.എ.ടെൻസൺ തുടങ്ങിയവർ പ്രസംഗിച്ചു.