വൈപ്പിൻ: നായരമ്പലം പഞ്ചായത്തിലെ 3,4,5 വാർഡുകൾ ഉൾപ്പെടുന്ന 6 കി. മീ. നീളത്തിലും ഒന്നര കി.മീ. വീതിയിലും വെള്ളത്താൽ ചുറ്റപ്പെട്ട ദീപായ നെടുങ്ങാട് നിന്ന് വൈപ്പിൻ ദ്വീപിലേക്കുള്ള ഹെർബട്ട് പാലത്തിന്റെ പുനർനിർമ്മാണം ഇനിയുമായില്ല. പാലം 1990 ൽ സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്ന് 10 വർഷക്കാലം ദ്വീപിലെ ജനങ്ങൾ മറുകര പറ്റിയിരുന്നത് കടത്തു വഞ്ചിയിലൂടെയായിരുന്നു.
നെടുങ്ങാട് 20 വർഷങ്ങൾക്കു മുമ്പ് കക്ഷി രാഷ്ട്രീയത്തിനതീതമായി ജന പ്രതിനിധികളുടേയും നെടുങ്ങാട് നിവാസികളുടെയും നിരവധി സമര മുന്നേറ്റങ്ങളുടെ ഭാഗമായിട്ടാണ് താത്ക്കാലികമായി 6 അടി വീതിയുള്ള ഒരു നടപ്പാലം 1999 ൽ പുനർനിർമ്മിക്കുവാൻ തീരുമാനിച്ചതും 16 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് അംഗീകരിച്ചു എങ്കിലും 60% പി.ഡബ്ല്യു. ഡി. ഉം 40% പഞ്ചായത്തും വിഹിതമായിട്ടുള്ള സ്‌കീമാണ് അംഗീകരിച്ചത്. പഞ്ചായത്ത് വിഹിതം അടക്കാൻ കഴിയാതെ വന്നതു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ തുടരുവാൻ കഴിഞ്ഞില്ല. വീണ്ടും എം.എൽ.എയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ പഞ്ചായത്ത് വിഹിതം 3 തവണകളായി അടച്ചാൽ മതിയെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ 2000 ൽ ആരംഭിച്ച് 2001 ഒക്‌ടോബർ മാസം 25 ന് പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു.
പാലത്തിന്റെ ഫയലുകൾ ചുവപ്പുനാടയിൽ കുടുങ്ങിയിരിക്കുകയാണ്. പാലത്തിനായി അലൈമെന്റ് പോലും ഉണ്ടാക്കുന്നതിന് ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പിന് സാധിച്ചിട്ടില്ല. ഗവൺമെന്റിന്റെയും ജനപ്രതിനിധികളുടേയും അടിയന്തരശ്രദ്ധയും ഇടപെടലുകളും ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പാലം നിർമ്മാണത്തിനായി നെടുങ്ങാട് റസിഡന്റ്‌സ് അസോസിയേഷൻ സമരരംഗത്ത് ഇറങ്ങുവാൻ തീരുമാനിച്ചു.
എൻ.എസ്.ആർ.എ. പ്രസിഡന്റ് സെബാസ്‌റ്റ്യൻ മങ്കുഴി , സെക്രട്ടറി സിന്ധു സന്തോഷ്, രാജഗോപാൽ ഡി കോമത്ത്, വിനിൽ വേണുഗോപാൽ, ഷാലെറ്റ് നെൽസൺ എന്നിവർ പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകും.
#ഏകദേശം പതിനായിരത്തിലേറെ ജനങ്ങൾ തിങ്ങിപാർക്കുന്ന ഇവിടെ 85 വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷ് ഭരണ കാലത്ത് കൊച്ചി ദിവാൻ ആയിരുന്ന ഹെർബർട്ട് സായിപ്പ് അനുവദിച്ച പാലമായതു കൊണ്ടാണ് ഹെർബർട്ട് പാലം എന്ന പേര് വന്നത്.
#പുതിയ ഹെവി ലോഡ് പാലം നിർമ്മിക്കുന്നതിന് 10.5 കോടി രൂപ സർക്കാർ അനുവദിച്ചിട്ട് മൂന്ന് വർഷകാലം പിന്നിടുകയാണ്.