വൈപ്പിൻ: പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളുടെ കായികക്ഷമത വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഞാറയ്ക്കൽ ലിറ്റിൽ ഫ്ളവർ ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി ജീവധാര പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക നീന്തൽ പരിശീലനം ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിലെ ഇൻഡോർ നീന്തൽക്കുളത്തിൽ ആരംഭിച്ചു. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് യാതൊരുവിധ തടസവും നേരിടാത്ത രീതിയിലാണ് നീന്തൽ പരിശീലനം നടത്തിവരുന്നത്. പ്രഗത്ഭരായ നീന്തൽ പരിശീലകരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പെൺകുട്ടികൾക്കായി വനിതാ പരിശീലകരുമുണ്ട്. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു പുത്തൻതലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യം ഈ നീന്തൽ പരിശീലന പദ്ധതിയിലൂടെ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. പ്രധാന അധ്യാപിക സിസ്റ്റർ ജിനി, സ്‌കൂൾ മാനേജ്‌മെന്റ്, പിടിഎ, അധ്യാപകർ എന്നിവരുടെ പൂർണ പിന്തുണയും ഈ നീന്തൽ പരിശീലനത്തിനു പിന്നിൽ ഉണ്ട്.
നീന്തലിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തിലൂടെ ഉയരങ്ങളിൽ എത്തിച്ചേരാനുള്ള അവസരവും ഇവിടെ ലഭിക്കുന്നുണ്ട്.