കൊച്ചി : പെരുകുന്ന പൊലീസ് കസ്റ്റഡി മരണങ്ങളിൽ ഹൈക്കോടതി ഇടപെടമെന്ന് ആവശ്യപ്പെട്ട് ഹർജി. മൂന്നാംമുറയ്ക്കും കസ്റ്റഡി മരണത്തിനും ഉത്തരവാദികളായവരെ പിരിച്ചുവിടാൻ വ്യവസ്ഥ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി മരണം, പീഡനം, മൂന്നാംമുറ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ക്രൂരത, അഴിമതി, ക്വട്ടേഷൻ കുറ്റകൃത്യങ്ങൾ, നിയമം ദുരുപയോഗിക്കൽ എന്നിവ വർദ്ധിക്കുന്നതായി തൊടപുഴ ചെപ്പുകുളം സ്വദേശി ജോർജ് ജെ. വടക്കൻ നൽകിയ ഹർജിയിൽ പറയുന്നു.
ജീവിക്കാനുള്ള അവകാശമാണ് പൊലീസ് ലംഘിക്കുന്നത്. ഗുരുതരവും ക്രൂരവുമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 1129 ഉദ്യോഗസ്ഥർ പൊലീസിൽ തുടരുകയാണ്. ഇത്തരം ഉദ്യോഗസ്ഥരെ തുടരാൻ അനുവദിക്കരുതെന്ന സുപ്രീംകോടതി ഉത്തരവും നടപ്പാകുന്നില്ല. സേനയിലെ രാഷ്ട്രീയവത്കരണവും സ്വാധീനങ്ങളും മൂലം സംസ്‌കാരശൂന്യമായ പ്രവർത്തനങ്ങൾക്ക് ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ട്.
പൊലീസ് കംപ്ലയിന്റ് അതോറിട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഉത്തരവിടണം. അതോറിട്ടി രൂപീകരണവും നിയമനവും പ്രവർത്തനവും അധികാരങ്ങളും സംബന്ധിച്ച് വ്യവസ്ഥകൾ നവീകരിക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മൂന്നാഴ്ചക്കകം വകുപ്പ് തലത്തിലും ക്രിമിനൽ നടപടിക്രമമനുസരിച്ചും നടപടി സ്വീകരിക്കണം. പൊലീസ് പരിശീലന പദ്ധതിയിൽ മാറ്റം വരുത്തി കോടതിയുടെ നിരീക്ഷണത്തിലാക്കണം. കസ്റ്റഡി മർദനം, സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമെതിരായ അതിക്രമം തുടങ്ങിയവ തെളിഞ്ഞാൽ ബന്ധപ്പെട്ടവരെ 30 ദിവസത്തിനകം പിരിച്ചുവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.