പറവൂർ : പ്രളയാനന്തര ദുരിതാശ്വാസ സഹായം പറവൂർ താലൂക്കിൽ വേണ്ടത്ര ലഭിച്ചില്ലെന്ന യു.ഡി.എഫിൻെറ പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐജില്ലാ സെക്രട്ടറി പി. രാജു പത്രസമ്മേളനത്തിൽ പറഞ്ഞു.ഈ വിഷയത്തിൽ പറവൂർ എം.എൽ.എ നിയമസഭയിലും പുറത്തും നടത്തുന്ന പ്രചരണങ്ങൾ വസ്തുതക്ക് നിരക്കാത്താണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു . പ്രളയാനന്തര ധനസഹായ വിതരണത്തിൽ ജില്ലയിൽ നൽകിയ തുകയിൽ 65 ശതമാനത്തിലധികം ധനസഹായവും പറവൂർ താലൂക്കിലാണ്ലഭിച്ചത്. ജില്ലയിൽ 352 കോടി ധനസഹായത്തിൽ 202 കോടിയാണ് പറവൂർ താലൂക്കിൽ നൽകിയത്. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് പതിനായിരം രൂപ നൽകിയതിന് പുറമേ നാശങ്ങളുടെ ശതമാന കണക്കെടുത്ത് താലൂക്കിലെ നഗരസഭ ഉൾപ്പെടെ പതിമൂന്ന് പഞ്ചായത്തുകളിലായി പൂർണ്ണമായി തകർന്ന 1,273 വീട്ടുകാർക്ക് നാല് ലക്ഷം വീതം 50.92 കോടി രൂപ നൽകി . റീ ബിൽഡ് കേരള വഴി 15 ശതമാനം വരെ നാശനഷ്ടമുണ്ടായ 22,019 കുടുംബങ്ങൾക്ക് പതിനായിരും രൂപ വീതം 22.01 കോടിയും 16 മുതൽ 29 വരെ നാശനഷ്ടമുണ്ടായ 15,105 കുടുംബങ്ങൾക്ക് അറുപതിനായിരം രൂപ വീതം 90.63 കോടിയും 30 മുതൽ 59 ശതമാനം വരെ നാശനഷ്ടമുണ്ടായ 4,154 കുടുംബങ്ങൾക്ക് ഒന്നേകാൽ ലക്ഷം രൂപ വീതം 51.92 കോടിയും 60 മുതൽ 74 വരെ നാശനഷ്ടമുണ്ടായ1,520 കുടുംബങ്ങൾക്ക് 38 കോടി രൂപയുമാണ് പറവൂർ താലൂക്കിൽ ഇതുവരെ വിതരണം ചെയ്തത്. സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ കെയർഹോം പദ്ധതിയിൽ 137 വീടുകൾ നിർമ്മിച്ച് താക്കോൽ കൈമാറി. 303 വീടുകളാണ് ഈ പദ്ധതിയിൽ നിർമ്മിക്കുന്നത്. ഇതു കൂടാതെ 2,000 ഫ്ളാറ്റുകൾ നിർമ്മിക്കാനും സർക്കാർ തിരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തിൽ ദുരന്ത ഘട്ടങ്ങൾ ഉണ്ടായാൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസകേന്ദ്രമായി തിരുത്തിപ്പുറത്ത് 8.95 കോടി രൂപ ചെലവഴിച്ച് ദുരിതാശ്വാസ ക്യാമ്പിനായി സ്ഥിരം കെട്ടിടം നിർമ്മിക്കാനും സർക്കാർ അംഗീകാരം നൽകി. ഇതിനായി ദേശീയപാതയോട് ചേർന്ന് സ്ഥലം ലഭ്യമാക്കുന്നതിന് വടക്കേക്കര പഞ്ചായത്ത് നടപടി യെടുക്കുന്നുണ്ട്. സർക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ലഭിച്ച തുകയിൽ തൊണ്ണൂറ് ശതമനവും നൽകി കഴിഞ്ഞു. ജില്ലയിലെ അർഹതപ്പെട്ട പ്രളയബാധിതരായ മുഴുവൻ പേർക്കും നാശനഷ്ടത്തിനു അനുസരിച്ച് ധനസഹായം നൽകുന്നതിന് സി.പി.ഐ ജില്ലാ കമ്മിറ്റിയും എൽ.ഡി.എഫും ചേർന്ന് പരിശ്രമം നടത്തി വരികയാണെന്നും സി.പി.ഐ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എസ്. ശ്രീകുമാരി, നേതാക്കളായ കെ.ബി. അറുമുഖൻ, എ.കെ. സുരേഷ്, രമാ ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.