കൊച്ചി: പാലാരിവട്ടം ഫ്‌ളൈ ഓവർ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ‌് സംഘം വിദഗദ്ധരുടെ സഹായത്തോടെ പാലത്തിൽ നിന്ന‌് സാമ്പിൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം പാലം സന്ദർശിച്ച ഇന്ത്യൻ റോഡ‌്സ‌് കോൺഗ്രസ‌് പ്രതിനിധി ഭൂപീന്ദർ സിംഗ് അടയാളപ്പെടുത്തിയ ഭാഗങ്ങളിൽനിന്നുള്ള കോൺക്രീറ്റ‌് സാമ്പിളുകളാണ് എടുത്തത‌്. ഇവ കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കേന്ദ്ര ലാബിൽ പരിശോധനയ്‌ക്ക് അയയ്‌ക്കും.

വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ‌്.പി ആർ. അശോക‌്കുമാർ, വിജിലൻസ‌് രൂപീകരിച്ച വിദഗ്ദ്ധസംഘത്തിലെ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സാമ്പിൾ ശേഖരണം.
കോൺക്രീറ്റിന് സിമന്റ്, കമ്പി എന്നിവ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഇത് സ്ഥിരീകരിക്കാനാണ് വിജിലൻസ് ശ്രമം.

നിർമാണത്തിന് മേൽനോട്ടം വഹിച്ച റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ, കിറ്റ്കോ, കരാർ കമ്പനിയായ ആർ.ഡി.എസ‌്, രൂപരേഖ തയ്യാറാക്കിയ നാഗേഷ‌് കൺസൾട്ടൻസി എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. ആർ.ഡി.എസ‌് എം.ഡി സുമിത‌് ഗോയലാണ് ഒന്നാം പ്രതി. 17 ഉദ്യോഗസ്ഥരുടെ പങ്ക‌ാണ് അന്വേഷിക്കുന്നത്.
പാലത്തിന്റെ രൂപരേഖ അംഗീകരിച്ചത് മുതൽ മേൽനോട്ടത്തിലെ പിഴവ് വരെ പാലത്തിന്റെ ബലക്ഷയത്തിന് കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. സാങ്കേതികപ്പിഴവാണ് പാലത്തിന്റെ ഉപരിതലത്തിൽ ടാറിംഗ് ഇളകിപ്പോകാനും തൂണുകളിൽ വിള്ളലുണ്ടാക്കാനും ഇടയാക്കിയതെന്ന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിൽ പറയുന്നത്.


 സംശയിക്കുന്നവരെ ചോദ്യം ചെയ്യും
സാമ്പിളുകളുടെ വിശദമായ പരിശോധന നടത്തും. വിദഗ്ദ്ധരിൽനിന്ന‌് വിശദമായ അഭിപ്രായം ശേഖരിക്കും. അതിനു ശേഷം സംശയിക്കുന്നവരുടെ പട്ടികയിലുള്ള ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും.


എച്ച‌്. വെങ്കിടേഷ്
വിജിലൻസ് ഐ.ജി