പെരുമ്പാവൂർ: കാട്ടാനക്കൂട്ടത്തിന്റെ കുരുത്തക്കേടിൽ പൊറുതിമുട്ടിയിരിക്കുകയാണ് വേങ്ങൂർ പഞ്ചായത്തുകാർ. കാട്ടിൽ നിന്നിറങ്ങി പുഴ നീന്തിക്കടന്നാണ് കാട്ടാനക്കൂട്ടം നാട്ടിലെത്തുന്നത്. രാത്രിയിൽ വീടിന് പുറത്തിറങ്ങാൻ പോലും ആളുകൾ ഭയക്കുന്നു. കൃഷി ചെയ്താലും വിളവെടുക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. നഷ്ടപരിഹാരവും ലഭിക്കുന്നില്ല. പാണംകുഴി ജനവാസ മേഖലയിൽ കഴിഞ്ഞദിവസം രാത്രി കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴ, പൈനാപ്പിൾ, ജാതിത്തോട്ടങ്ങൾ തുടങ്ങിയവ ഏതാണ്ട് പൂർണമായി നശിപ്പിച്ചു. ആനകളെ വിരട്ടി ഓടിക്കാനുള്ള നാട്ടുകാരുടെയും വനംവകുപ്പിന്റെയും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
കാട്ടാനകളെ ഭയന്ന് കഴിയേണ്ട പ്രദേശവാസികളുടെ ദുരവസ്ഥയെക്കുറിച്ച് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ഉടൻ നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് മന്ത്രി ഉറപ്പും നൽകി. ഇതുമായി ബന്ധപ്പെട്ട് മന്ത്രിതല യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർത്തെങ്കിലും തദ്ദേശ ജന പ്രതിനിധികളെയോ വന സംരക്ഷണ സമിതി ഭാരവാഹികളെയോ പങ്കെടുപ്പിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഇത് കാരണം പ്രശ്‌നത്തിന്റെ ഗൗരവം യോഗത്തിൽ അവതരിപ്പിക്കാൻ സാധിക്കാതെ വന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
# പരിഹാരം
ഈ പ്രദേശത്ത് പുഴയോരത്ത് വലിയ ട്രഞ്ചും സോളാർ കമ്പിവേലിയും ഉടൻ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.