കൊച്ചി: കേന്ദ്ര ബഡ്ജറ്റിൽ സ്വർണ്ണത്തിന് ഇറക്കുമതി ചുങ്കം 12.5 ശതമാനത്തിലേക്ക് ഉയർത്തിയ നടപടി സ്വർണ കള്ളക്കടത്തിന് പ്രോത്സാഹനം നൽകുമെന്ന് ആൾ കേരള ഹോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് എറണാകുളം ജനറൽ സെക്രട്ടറി പോൾ ഡേവിസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. വ്യാപാരം പഴയകാലത്തെ അപേക്ഷിച്ച് നിലവിൽ 70 ശതമാനത്തിൽ താഴെയാണ് നടക്കുന്നത്. ഈ വർദ്ധനവ് സ്വർണ മേഖലയ്ക്ക് പ്രഹരമാണ് ഏൽപ്പിച്ചിട്ടുള്ളതെന്ന് വ്യാപാരികളായ ഡേവിസ് കെ.എ,​ ചന്ദ്രൻ,​ ഡോ. ഷാജിപോൾ,​ തോമസ് ആലപ്പാട്ട്,​ ബാബു ആലപ്പാട്ട്,​ മനു ആലപ്പാട്ട് എന്നിവർ പറഞ്ഞു. സ്വർണമേഖലയെ സംരക്ഷിക്കാൻ വേണ്ട മാർഗങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഹൈബി ഈഡൻ എം.പിക്ക് നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചു.