കൊച്ചി: കാര്യക്ഷമമായ നീതിനിർവഹണ സംവിധാനമില്ലെങ്കിൽ ഏതു നിയമവും ലക്ഷ്യം നേടാനാകാതെ പരാജയപ്പെടുമെന്ന‌് സുപ്രീംകോടതി മുൻ ജഡ‌്ജി ജസ‌്റ്റിസ‌് ജെ. ചെലമേശ്വർ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ എണ്ണവും സ്വഭാവവും മാറുന്നതനുസരിച്ച‌് അന്വേഷണ സംവിധാനങ്ങളും അന്വേഷണോദ്യോഗസ്ഥരുടെ കാര്യക്ഷമതയും വർദ്ധിപ്പിക്കാനാവശ്യമായ സംവിധാനങ്ങൾ ഉണ്ടാകണം. മയക്കുമരുന്നിന്റെ ദുരുപയോഗം തടയാൻ ഫലപ്രദമായ നിയമനിർമാണത്തിനുള്ള സാദ്ധ്യതകളെക്കുറിച്ച് ഡി.വൈ.എഫ‌്.ഐ സംസ്ഥാനകമ്മിറ്റി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന‌് ഉത്പാദനവും വ്യാപനവും തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും രാജ്യത്ത‌് ശക്തമായ നിയമമുണ്ട‌്. എന്നാൽ നിയമം കാര്യക്ഷമമായി നടപ്പാക്കാനുള്ള സംവിധാനങ്ങളുടെ പോരായ‌്മ നിലനിൽക്കുന്നു. എത്ര ശക്തമായ നിയമമുണ്ടെങ്കിലും കാര്യക്ഷമമായ നിർവഹണ സംവിധാനമില്ലെങ്കിൽ കാര്യമില്ല. ഫലപ്രദമായ നിർവഹണസംവിധാനങ്ങളുടെ അഭാവത്തിൽ എത്രനല്ല നിയമവും പരാജയപ്പെടും. ഇതുതന്നെയാണ‌് ഇവിടെ സംഭവിക്കുന്നത‌്. അന്വേഷണോദ്യോഗസ്ഥർക്ക‌് ആവശ്യമായ നിയമപരിജ‌്ഞാനവും പരിശീലനവും കിട്ടുന്നില്ല. വൈദഗ‌്ദ്ധ്യമില്ലായ‌്മ അന്വേഷണങ്ങളെ പരാജയപ്പെടുത്തുന്നു. ഇതെല്ലാം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കാനും കഴിയണമെന്നും ജസ‌്റ്റിസ‌് ചെലമേശ്വർ പറഞ്ഞു. ഡി.വൈ.എഫ‌്.ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌്. സതീഷ‌് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് വിഷയം അവതരിപ്പിച്ചു. റിട്ട. ജസ‌്റ്റിസ‌് കെ. എബ്രഹാം മാത്യു, കസ‌്റ്റംസ‌് ജോയിന്റ് കമ്മിഷണർ അനീഷ‌് രാജൻ, മുതിർന്ന അഭിഭാഷകൻ ഗോപാലകൃഷ‌്ണക്കുറുപ്പ‌്, മനഃശാസ‌്ത്രവിദഗ‌്ദ്ധൻ ഡോ. തോമസ‌് ജോൺ, കേന്ദ്ര സർവകലാശാലയിലെ നിയമപഠനവിഭാഗം തലവൻ ഡോ. ജെ. ഗിരീഷ‌്കുമാർ, സാമൂഹ്യപ്രവർത്തക ബീന സെബാസ‌്റ്റ്യൻ, ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറി എ.എ. റഹിം എന്നിവർ പ്രസംഗിച്ചു. ഡോ. എ. വാണി കേസരി, ഡോ. പി.എസ‌്. സീമ എന്നിവർ മോഡറേറ്റർമാരായിരുന്നു.