ആദ്യ ഘട്ടത്തിൽ മുട്ടം മെട്രോ സ്റ്റേഷൻ മുതൽ അമ്പാട്ട്കാവ് വരെ
തൃക്കാക്കര : ജില്ലയെ മാലിന്യമുക്തമാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന 'എന്റെ ക്ളീൻ എറണാകുളം'പദ്ധതിയ്ക്ക് ശനിയാഴ്ച തുടക്കമാകും.യജ്ഞത്തിന്റെ ആദ്യ ഘട്ടത്തിൽ മുട്ടം മെട്രോ സ്റ്റേഷൻ മുതൽ അമ്പാട്ട്കാവ് വരെയുളള ദേശീയപാതയോരമാണ് ശുചിയാക്കുക. പദ്ധതി നടത്തിപ്പുമായി സഹകരിക്കണമെന്നും വളണ്ടിയർമാർക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും അസി.കളക്ടർ എം.എസ്.മാധവിക്കുട്ടി അഭ്യർത്ഥിച്ചു.
ശുചീകരണം രാവിലെ ഏഴു മണിമുതൽ ആരംഭിക്കും. യജ്ഞത്തിൽ പങ്കാളികളാകുന്നവർക്ക് കുടിവെളളം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കയ്യുറ, മാസ്‌ക് , ടീ ഷർട്ട് , ക്യാപ് തുടങ്ങിയവയും ലഭിക്കും. കളമശ്ശേരി പോളിടെക്‌നിക് കോളേജ്, എസ് സിഎംഎസ് കോളേജ് എന്നിവിടങ്ങളിൽ നിന്നുളള 250 നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരും അൻപൊട് കൊച്ചി വളണ്ടിയർമാരും പങ്കാളികളാകും. 20 വളണ്ടിയർമാരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിച്ച്, പത്ത് മീറ്റർ അകലത്തിൽ ശുചീകരണം നടത്തും. വി.കെ.വി കാറ്ററേഴ്‌സ്, നെസ്റ്റ് ഗ്രൂപ്പ് എന്നിവരാണ് പ്രായോജകർ . ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കാൻ കോ ഓർഡിനേറ്റർമാരെയും ലൈസ ഇൻസിങ് ഓഫീസർമാരെയും നിയോഗിക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണസ്ഥാപനം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഹരിത കേരളം- ശുചിത്വമിഷനുകളും പങ്കാളികളാകും.