കൊച്ചി : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ അടിയറവ് പറഞ്ഞെങ്കിലുംഇൻഫോപാർക്കിലെ ടെക്കികൾ ഒരുക്കിയ ലോകകപ്പ് സംഗീത വീഡിയോ ആൽബംതരംഗമായി. തമിഴ് ചാനലുകളിൽ സംപ്രേക്ഷണം ചെയ്ത ആൽബത്തിന് വൻവരവേൽപ്പാണ് ലഭിക്കുന്നത്
'ബാറ്റെടുപ്പോമേ മച്ചാ സ്കോറടിപ്പോമേ, സിക്സടിപ്പോമേ മച്ചാ വിസിലടിപ്പോമേ.....' എന്നാരംഭിക്കുന്ന ആൽബം ഇൻഫോപാർക്ക് സംഗീതസഭയാണ് ഒരുക്കിയത്. ലെറ്റസ് ക്രിക്കറ്റ് മച്ചാ എന്നാണ് പേരിലാണ് തമിഴ് ഗാനം.
യു. ട്യൂബിലാണ് ആൽബം റിലീസ് ചെയ്തത്. ദിവസങ്ങൾക്കകം ആയിരങ്ങളാണ് ആൽബം ആസ്വദിച്ചത്. ഇൻഫോപാർക്കിലെ വാട്ട്സാപ്പ് കൂട്ടായ്മകൾ വഴിയും മറ്റും ആൽബം പ്രചരിച്ചു.
# അഭിനേതാക്കളും ടെക്കികൾ
ആൽബത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത് ടെക്കികളാണ്. അഭിനേതാക്കളിൽ ഭൂരിപക്ഷവും ടെക്കികളാണ്. ദൃശ്യവിസ്‌മയം നിറയുന്ന ആൽബം ഒറ്റ ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. 1983 ൽ ലോകകപ്പ് ടീമിലെ ടോപ്പ് സ്കോററായ ക്രിസ് ശ്രീകാന്തിന്റെ ആശംസയോടെയാണ് ആൽബം ആരംഭിക്കുന്നത്. ക്രിക്കറ്റിൽ വാതുവയ്പ്പിന് കൂട്ടുനിൽക്കില്ലെന്ന സന്ദേശവും വരികളിലുണ്ട്. ഗാനം തമിഴിലാണെങ്കിലും ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് ദൃശ്യങ്ങൾ. ചടുലമായ രംഗങ്ങളാണ് ആകർഷണം. ബൈക്ക് സ്റ്റണ്ടുൾപ്പെടെ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീം ഇന്ത്യയുടെ മുൻകളികളിലെ ഹരം പകരുന്ന ഏതാനും രംഗങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാലാമത് ആൽബം
ജോലിയിലെ പിരിമുറുക്കം കുറയ്ക്കൻ ഇൻഫോപാർക്കിലെ കഫ്റ്റീരയയിൽ അഞ്ചുപേർ കൂടിയിരുന്ന് പാടിയതാണ് സംഗീതസഭയുടെ പിറവി. ഇപ്പോൾ നിരവധിപേരാണ് അംഗങ്ങൾ. വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഇവർ സജീവമാണ്.
സൗഹൃദം വിഷയമാക്കിയാണ് ആദ്യ ആൽബം പുറത്തിറക്കിയത്. ലോകകപ്പ് ഫുട്ബാളായിരുന്നു രണ്ടാമത്തെ ആൽബം. പൊൻതിരുവോണം എന്ന ആൽബം ഓണക്കാലത്തും പുറത്തിറക്കി.
ക്രെഡിറ്റ്
സംഗീതം, ആശയം : ശ്രീരാജ് രവികുമാർ
സംവിധാനം : ശരത് ലാൽ കെ.എസ്
നിർമ്മാണം : എൽവിസ് ജയിംസ്, ജയപ്രകാശ്
രചന : കലൈശെൽവി, കൃപ ബി, ശിവമണി എം.ആർ
പാടിയത് : അനൂപ് ബി.എസ്., ഡിനു ഗോപാലകൃഷ്ണൻ, ഫാസിൽ അബ്ദു, കാർത്തിക് കിരൺ, നവനീത് കൃഷ്ണൻ, സന്തോഷ് മഹാദേവൻ, ശിവമണി എം.ആർ., സുബ്രഹ്മണ്യൻ കെ.വി.
ഛായാഗ്രഹണം : അശ്വിൻ കൊരട്ടി
എഡിറ്റിംഗ് : കിരൺ
കൊറിയോഗ്രാഫി : ജിഷ്ണു പി.എം., വിഷ്ണു എ.വി.