ഇടപ്പള്ളി: കായംകുളം താപവൈദ്യുതി നിലയത്തിന് പുതുജീവൻ നൽകാനുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ (എൽ.എൻ.ജി) പദ്ധതിക്ക് സാദ്ധ്യതകൾ അടയുന്നു.
നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി) കീഴിലെ കായംകുളം നിലയത്തിലേക്ക് പുതുവൈപ്പിനിൽ
നിന്നും പ്രകൃതി വാതകം എത്തിച്ചു വൈദ്യുതി ഉത്പാദനം നടത്താൻ ലക്ഷ്യമിട്ട പദ്ധതി ഉത്പാദനചിലവിലെ സംശയവും പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിലെ പ്രശ്നങ്ങളും മൂലമാണ് അനിശ്ചിതത്വത്തിലായത്.
നാഫ്തയ്ക്ക് പകരം പ്രകൃതിവാതകം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനം വാങ്ങുമെന്ന ഉറപ്പു ലഭിച്ചാൽ മാത്രമേ
ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയിൽ) ഇനി പദ്ധതി പുനരുജ്ജീവിപ്പിക്കൂ. നിലവിൽ നിശ്ചലാവസ്ഥയിലാണ് ഈ പദ്ധതി.
നാഫ്തയ്ക്ക് വില കൂടുതലായതിനാലാണ് കായംകുളം പ്രകൃതി വാതകത്തെ ആശ്രയിക്കാൻ നോക്കുന്നത്.
ഇറക്കുമതി പ്രകൃതിവാതകം ഉപയോഗിച്ചാലും കായംകുളം വൈദ്യുതിക്ക് യൂണിറ്റിന് എട്ടു രൂപയാകുമെന്നാണ് കണക്ക്. ഇത് കെ.എസ്.ഇ.ബിക്ക് ലാഭകരമല്ല. 2014 മുതൽ ഇവിടെ നിന്ന് കെ.എസ്.ഇ.ബി കാര്യമായി വൈദ്യുതി വാങ്ങുന്നുമില്ല. കടുത്ത പ്രതിസന്ധിയിലാണ് കായംകുളം നിലയം.
രക്ഷ ആഭ്യന്തര പ്രകൃതി വാതകം
തദ്ദേശീയമായ പ്രകൃതി വാതകം ലഭ്യമായെങ്കിൽ മാത്രമേ നിലവിലെ അവസ്ഥയിൽ കുറഞ്ഞ ചിലവിൽ കായംകുളത്ത് വൈദ്യുതി ഉത്പാദനം നടക്കൂ. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത വാതകത്തിന് എൽ.എൻ.ജി പെട്രോനെറ്റ് ഈടാക്കുന്നത് ഒരു ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 15 ഡോളറാണ്. നാടൻ വാതകം ലഭ്യമായാൽ നാല് ഡോളറേ വരൂ.
സബ്സിഡിയും ദ്രവീകരണവും ഇറക്കുമതി ചെലവ് ഒഴിവാകുന്നതും മൂലമാണ് ഈ നേട്ടം. ആഭ്യന്തര വാതകത്തിന്റെ ശൃംഖലയിൽ ഇപ്പോൾ കേരളമില്ല. ഗുജറാത്ത് - ബംഗളുരു ആഭ്യന്തര വാതക പദ്ധതി പൂർത്തിയായാൽ അത് കേരളത്തിനും ഉപകാരപ്പെടുത്താനാകും.
ഗെയിൽ 3 പദ്ധതികൾ
ഗെയിലിന്റെ കേരളത്തിലെ മൂന്ന് പദ്ധതികളിലൊന്നാണ് 120 കിലോമീറ്റർ കൊച്ചി - കായംകുളം ലൈൻ. ആയിരം കോടിയാണ് പ്രതീക്ഷിത ചിലവ്. കായലിലൂടെയും കടലലൂടെയും ലൈൻ ഇടാൻ ആലോചിച്ചു. ഇപ്പോൾ നിർദിഷ്ട നാലുവരിപ്പാതയുടെ സർവീസ് റോഡിലൂടെ പോകുന്ന കാര്യവും പരിഗണിച്ചിരുന്നു. ചെലവും സ്ഥലമേറ്റെടുക്കലും ഇതിന് വളരെ കുറവു മതി.
ഗെയിൽ 3 പദ്ധതികൾ
കൊച്ചി - മംഗലാപുരം (കമ്മീഷനിംഗ് ഉടൻ)
തൃശൂർ കൂറ്റനാട് -ബംഗളുരു (പണി പുരോഗമിക്കുന്നു)
കൊച്ചി - കായംകുളം (അനിശ്ചിതത്വത്തിൽ)
കൊച്ചിയിൽ ഒരു ദിവസം വ്യവസായ മേഖലകൾക്ക്
37ലക്ഷം ക്യൂബിക് മീറ്റർ ഗ്യാസ് ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്. വീടുകൾക്കും വാഹനങ്ങൾക്കുമായി പതിനായിരത്തോളം വേറെയും വരും.
തെക്കൻ ജില്ലകളിലേക്കും സിറ്റിഗ്യാസ്
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഗാർഹിക ആവശ്യത്തിന് പ്രകൃതിവാതകം നൽകുന്ന സിറ്റി ഗ്യാസ് പദ്ധതിക്കായി അറ്റ്‌ലാന്റിക് ഗൾഫ് ആൻഡ് പസഫിക് എന്ന കമ്പനിക്ക് ചുമതല നൽകി. ഇവരും കൊച്ചിയിൽ നിന്ന് വാതകം പൈപ്പ് വഴിയോ അല്ലാതെയോ കൊണ്ടുപോകണം. കൊച്ചി മുതൽ വടക്കോട്ട് അദാനി ഗ്രൂപ്പാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാർ.
കായംകുളം വൈദ്യുതിനിലയം
ആലപ്പുഴ ജില്ലയിലെ കായംകുളം ചൂളത്തെരുവിൽ1998ൽ തുടക്കം. രാജീവ് ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ളാന്റ് എന്നാണ് ഒൗദ്യോഗിക നാമം. ലോകബാങ്ക് സഹായത്തോടെ 1200 കോടിയായിരുന്നു പദ്ധതി ചെലവ്. നിലവിൽ ശേഷി 350 മെഗാവാട്ട്. 1400 വരെ ഉയർത്താകും. നാഫ്തയാണ് ഇന്ധനം.