കൊച്ചി : പനമ്പിള്ളിനഗറിൽ നഗരസഭയുടെ ഡി ആൻഡ് ഒ (ഡെയിഞ്ചറസ് ആൻഡ് ഒഫൻസീവ് ട്രേഡ് ലൈസൻസ്) ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 26 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി സീൽ ചെയ്യാൻ ഹൈക്കോടതി കർശന നിർദേശം നൽകി. അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നഗരസഭയോട് കോടതി ആവശ്യപ്പെട്ടു. 380 സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന ഭീതിയ്ക്കിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രദേശത്തെ 81ൽ 26 സ്ഥാപനവും അടച്ചുപൂട്ടാൻ മുമ്പ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ കോടതികളിൽ നിന്നോ ട്രിബ്യൂണലുകളിൽ നിന്നോ സ്‌റ്റേയോ അനുകൂല ഉത്തരവോ വാങ്ങിയിട്ടില്ലെന്ന് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. ഹോട്ടലുകളും ഭക്ഷണശാലകളും ഉൾപ്പെടെ അനധികൃത വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് കൊച്ചി നഗരസഭ ഉറപ്പുവരുത്തണം.

പനമ്പള്ളിനഗർ പാർപ്പിട മേഖലയിൽ ഡി ആൻഡ് ഒ ലൈസൻസ് ആവശ്യമുള്ള വ്യാപാരസ്ഥാപനങ്ങൾ പാടില്ലെന്ന 2016 ജനുവരി ആറിലെ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് പ്രദേശവാസിയായ ശോഭാ രാമചന്ദ്രൻ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഹർജി വീണ്ടും ഈമാസം 18 ന് പരിഗണിക്കും.

# നഗരസഭാ നടപടി അത്ഭുതകരം
സംയുക്ത മേഖലയാക്കി വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും കാർ പാർക്ക് ചെയ്യാൻ സ്ഥലമുണ്ടെങ്കിൽ മാത്രമേ നഗരസഭ ഡി ആൻഡ് ഒ ലൈസൻസ് നൽകാവൂയെന്ന് കോടതി നിർദ്ദേശിച്ചു. നിലവിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് തുടരാൻ മതിയായ വാഹന പാർക്കിംഗ് സൗകര്യം ഉണ്ടോയെന്ന് സംശയമുണ്ട്. സംയുക്ത മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസിന് നൽകിയ അപേക്ഷകൾ നാളുകളായി നടപടിയെടുക്കാതെ നഗരസഭ കൈവശം വെച്ചിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

# കോടതി നിർദ്ദേശങ്ങൾ
നിയമവിരുദ്ധമായ ഒരു പ്രവർത്തനവും പ്രദേശത്ത് നടക്കുന്നില്ലെന്ന് നഗരസഭ ഉറപ്പാക്കണം. കാനകൾക്കു മുകളിൽ കസേരകളും മേശകളും സ്ഥാപിച്ച് ഭക്ഷണം വിളമ്പുന്നത് അലോസരമുണ്ടാക്കുന്നു. കാർ പാർക്കിംഗ് സ്ഥലങ്ങൾ എ.ടി.എം കൗണ്ടറുകളാക്കിയ ശേഷം വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് പാടില്ല. ഗ്രീൻ ബെൽറ്റ് മേഖലയായ സ്ഥലങ്ങൾ വ്യാപാരികളുടെ കാർ പാർക്കിംഗിന് ഉപയോഗിക്കാൻ അനുവദിക്കരുത്. സംയുക്ത മേഖലാ വിജ്ഞാപന പ്രകാരം ഖരമാലിന്യ നിയന്ത്രണ സംവിധാനമില്ലാതെ ഭക്ഷണശാലകൾക്കും മറ്റും അനുമതി നൽകരുത്.

# വിധി മറികടക്കാൻ ശ്രമമോ ‌?

വ്യാപാരികളുമായി രഹസ്യധാരണയുണ്ടാക്കി നിയമങ്ങളെയും കോടതി വിധികളെയും മറികടക്കാനുള്ള തന്ത്രമാണോ ഇതെന്ന് സംശയമുണ്ട്. ജി കാറ്റഗറിയിലുള്ള ചില കെട്ടിടങ്ങളെ (ബംഗ്ലാവുകൾ) എളംകുളം വെസ്റ്റ് ടൗൺ പ്ലാനിംഗ് സ്‌കീമിന് പുറത്തുകൊണ്ടുവന്നത് അമ്പരിപ്പിക്കുന്നതാണ്.

കോടതി ഉത്തരവിൽ നിന്ന്