ചോറ്റാനിക്കരയുടെപദ്ധതി തുക വെട്ടിച്ചുരുക്കി
ചോറ്റാനിക്കര : ക്ഷേത്രനഗരിയുടെപദ്ധതി തുകഅഞ്ച് കോടിയിൽ നിന്ന് മൂന്ന് കോടിയായി വെട്ടിച്ചുരുക്കിയതോടെചോറ്റാനിക്കരയുടെ വികസന പ്രതീക്ഷകൾക്ക് മങ്ങലേറ്റു.ആയിരക്കണക്കിന് ഭക്തജനങ്ങളും ടൂറിസ്റ്റുകളും വന്നു പോകുന്ന ചോറ്റാനി ക്കര അക്ഷരാർത്ഥത്തിൽ വികസന പരിമിതികളിൽ വീർപ്പുമുട്ടുകയാണ്.ദ ചോറ്റാനിക്കര ദേവി ക്ഷേത്രം ശബരിമല അയ്യപ്പൻമാരുടെ ഇടത്താവളം കൂടിയാണ്.ഗുരുവായൂർ മോഡലിൽ ദീർഘവീക്ഷണത്തോടു കൂടി വിപുല പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കിയാൽ മാത്രമേ ക്ഷേത്രനഗരിയുടെ മുഖച്ഛായ മാറ്റിയ വികസനം സാദ്ധ്യമാകു.
നാലു വർഷം മുൻപ്ചോറ്റാനിക്കരയിൽ കൊട്ടിഘോഷിച്ച് ക്ഷേത്രനഗരി പദ്ധതി ഉദ്ഘാടനം ചെയ്തതല്ലാതെ തുടർന്ന്ഒന്നും നടന്നില്ല. ഗുരുമണ്ഡപം മുതൽ ഗവ.ഹൈസ്ക്കൂൾ പരിസരം വരെ നടപ്പന്തൽ ഒരുക്കൽ മാത്രമാണ് മൂന്ന് കോടി രൂപയുടെ പദ്ധതി. നടപ്പന്തൽ, ലിങ്ക് റോഡുകളുടെ വികസനം, പൊതു ശൗചാലയം എന്നിവ ഒന്നാം ഘട്ടത്തിലും സോളാർ പാനൽ, മാലിന്യ സംസ്ക്കരണം എന്നിവ രണ്ടാം ഘട്ടത്തിലും ഉൾപ്പെടുത്തിയപ്പോൾ വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യമൊരുക്കൽ മൂന്നാം ഘട്ടത്തിലായിരുന്നു. ധനകാര്യ ഭരണാനുമതിയും സാങ്കേതിക അനുമതിയും ഇപ്പോഴത്തെ പദ്ധതിക്കും ഇതുവരെലഭ്യമായിട്ടില്ലന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീസ് പുത്തൻ വീടൻ പറഞ്ഞു.നടപ്പന്തൽ നിർമ്മാണത്തിന് പൊതുമരാമത്തിന്റെ നിരാക്ഷേപ പത്രവും ആവശ്യമാണ്. അടിസ്ഥാന വികസനം ഒരുക്കാതെകേവലംനടപ്പന്തൽ മാത്രം നിർമ്മിക്കുന്നതുകൊണ്ട് വലിയ പ്രയോജനം ഉണ്ടാകില്ലെന്ന് വ്യാപാരികൾ പറഞ്ഞു. പടിഞ്ഞാറെ നടയിലെ നടപ്പന്തൽ മക മഹോത്സവത്തിന് ഭക്തജനങ്ങൾക്ക് വലിയ ഉപകാരമായിരുക്കുമെന്ന് ദേവസ്വം അസി.കമ്മീഷണർ പി.വി. മായപറഞ്ഞു..
പരിമിതികൾ:-.
പൊതു ശൗചാലയം :പൊതു ശൗചാലയം ക്ഷേത്രനഗരിയിൽ ഇല്ല. ഹോട്ടലുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് കുടുതൽ ബുദ്ധിമുട്ടുന്നത്.
പാർക്കിംഗ്: ആയിരക്കണക്കിന് വാഹനങ്ങൾ വന്ന് പോകുന്ന ചോറ്റാനിക്കരയിൽ പഞ്ചായത്ത് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടില്ല.ദേവസ്വത്തിന്റെ രണ്ടു ചെറിയ പാർക്കിംഗ് കേന്ദ്രങ്ങളും നിറയുന്നതോടെ പാർക്കിംഗ് പൊതുവഴിയിലാകും.ദേവസ്വം പാർക്കിംഗ് കേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങളുടെ പോക്കും വരവും ഒരേ റോഡുകളിലൂടെയാണ്.
സ്റ്റാൻഡുകളുടെ നവീകരണം :- ക്ഷേത്രനഗരിയിൽ രണ്ടു ഓട്ടോസ്റ്റാൻഡുകൾ ഒരു കാർ പാർക്കിംഗ് ,ഒരു ചരക്കുവാഹന സ്റ്റാൻഡ് എന്നിവപ്രവർത്തിക്കുന്നുണ്ട്. നല്ല രീതിയിലുള്ള പാർക്കിഗ് സൗകര്യങ്ങളോ, വിശ്രമകേന്ദ്രമോ ഇവിടെ ഇല്ല.
ലിങ്ക് റോഡ് വികസനം: പാർക്കിംഗ് കേന്ദ്രങ്ങൾക്ക് സമീപമുള്ള റോഡുകൾ വികസിപ്പിച്ച് ലിങ്ക് റോഡുകളാക്കി നവീകരിക്കണം. ഇപ്പോൾപാർക്കിംഗ് കേന്ദ്രങ്ങളിച്ചേക്കുള്ള വാഹനങ്ങളുടെ പോക്കും തിരിച്ചു വരവും ഒരേ റോഡുകളിലൂടെയാണ്.'ലിങ്ക് റോഡുകൾ വികസിപ്പിക്കുന്നതോടെ തിരിച്ചു പോക്കിന് സൗകര്യം ഒരുങ്ങും. . വടക്കേ നട പാർക്കിംഗ് കേന്ദ്രത്തിൽ തിരിച്ചിറങ്ങുന്ന വാഹനങ്ങൾ പുത്തൻകുരിശു പൊതുമരാമത്ത് റോഡുവഴിയും തെക്കേ നട കേന്ദ്രത്തിൽ നിന്നുള്ളവ തിരിച്ചു യക്ഷിക്കുളം റോഡുവഴിയായി ക്രമപ്പെടുത്താൻ കഴിയും.
മാലിന്യ നിർമ്മാർജനം :- പ്ലാസ്റ്റിക് നിരോധനം ക്ഷേത്രനഗരിയിൽ പൂർണ്ണമായി വിജയിച്ചിട്ടില്ല.അതു പോലെ ഖരമാലിന്യ സംസ്ക്കരണത്തിന് നടപടി ഇല്ല. വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് നിന്ന് പ്ലാസ്റ്റിക് കിറ്റുകളും കവറുകളും ഹരി തകർമ്മ സേന വഴി ശേഖരിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഇതര ഖരമാലിന്യ സംസ്ക്കരണത്തിന് വിപുലമായ പദ്ധതി തയ്യാറാക്കണം.
പൊതുക്ലോക്ക് റൂം ടൂറിസ്റ്റ് വിവര കേന്ദ്രം :- ധാരാളം ഭക്തജനങ്ങളും ടൂറിസ്റ്റുകളുമെത്തുന്ന ചോറ്റാനിക്കരയിൽ യാത്രക്കാരുടെ വസ്തുക്കൾ സൂക്ഷിക്കുന്നതിന് കേന്ദ്രമില്ല.അതു പോലെ ടൂറിസ്റ്റ് വിവരശേഖരണത്തിനുംകേന്ദ്രങ്ങളില്ല . ട്രെയിൻ, എയർ പോർട്ട്, പൊതുവാഹനങ്ങൾ എന്നിവയുടെ സമയക്രമങ്ങൾ ലഭ്യമാകുന്ന കേന്ദ്രം ഇവിടെയില്ല.
വനിതകൾക്ക് രാത്രി കാല വിശ്രമകേന്ദ്രം, വയോജന ആശ്രയ കേന്ദ്രം :- രാത്രി കാലങ്ങളിൽചോറ്റാനിക്കരയിലെത്തുന്ന വനിതകൾക്ക് മാത്രമായി പ്രത്യേക താമസകേന്ദ്രങ്ങളില്ല. വലിയ തിരക്കനുഭപ്പെടുന്ന മകമഹോത്സവ കാലങ്ങളിലും മറ്റു ക്ഷേത്ര വിശേഷ ദിവസങ്ങളിലും വനിതകൾക്ക് താമസ സൗകര്യം ലഭിക്കുക പോലും പ്രയാസമാണ്.
സൈബർ നീരിക്ഷണക്യാമറകൾ :ചോറ്റാനിക്കരയിലെ ക്യാമറകൾ കണ്ണടച്ചീട്ട് നാളുകളേറെയായി. അറ്റകുറ്റപണികളോ ഒന്നും നടത്താതെ അനാഥ പ്രേതം പോലെ ക്യാമറകൾ തൂങ്ങിയാടുകയാണ്. ക്ഷേത്രനഗരിയിലെ പ്രധാന പൊതുമരാമത്ത് പാത, ദേവസ്വം റോഡ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളൊന്നും പ്രവർത്തിക്കുന്നില്ല.