പറവൂർ : കടുങ്ങല്ലൂർ മുപ്പത്തടം കുമ്പളം പറമ്പിൽ സുജിത്ത്, സഹോദരൻ സിജു എന്നിവരെ മാരാകായുധങ്ങളുമായി ആക്രമിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കടുങ്ങല്ലൂർ തണ്ടാരിക്കൽ കോളനിയിൽ അജാസ് (32) നെ പറവൂർ അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ഏഴ് വർഷം കഠിനതടവും 70,000 രൂപ പിഴയും വിധിച്ചു. പിഴതുക സുജിത്തിനും സിജുവിനും നൽക്കാൻ കോടതി ഉത്തരവിട്ടു. 2016 മെയ് 29 ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. സുജിത്തിന്റെ കടയുടെ സമീപത്ത് സിമന്റ് കട്ടകൾ അടുക്കിവച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. അജാസും അച്ഛൻ അലിയാരും ചേർന്നാണ് അക്രമിച്ചത്. തെളിവിന്റെ അഭാവത്തിൽ അലിയാരെ കോടതി വെറുതെ വിട്ടു. ബിനാനിപുരം പൊലീസ് എസ്.എച്ച്. ഒ സ്റ്റെപ്റ്റോ ജോൺ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർമാരായ കെ.കെ. സാജിത, പി. ശ്രീറാം, ജ്യോതി അനിൽകുമാർ, എം.ബി. ഷാജി എന്നിവർ ഹാജരായി.