കൊച്ചി : പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന മഹാകുംഭാഭിഷേകം എറണാകുളം സുബ്രഹ്മണ്യക്ഷേത്ര ഭക്തർക്ക് സായൂജ്യവും അനുഗ്രഹവർഷമായി. ക്ഷേത്രത്തിലെ ജീർണോദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായിരുന്നു മൂന്നുദിവസം നീണ്ട ചടങ്ങുകൾ.

എറണാകുളം ശിവക്ഷേത്രത്തിന് സമീപത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ മഹാപൂർണാതിഥിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് പുതുക്കിപ്പണിത കൊടിമരം സമർപ്പിച്ചു. 58 വർഷം പഴക്കമുള്ള കൊടിമരമാണ് പുതുക്കിപ്പണിതത്. കുംഭാഭിഷേകത്തിന് യജ്ഞശാലയിൽ കൊണ്ടുവന്ന മൂർത്തികളെ തിരികെ ക്ഷേത്രത്തിൽ സമർപ്പിച്ചു. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ഇന്നു രാവിലെ കലശാഭിഷേകവും ഗോപുരം സമർപ്പണവും നടക്കും.

ആഗമശാസ്ത്ര വിധിപ്രകാരമാണ് ചടങ്ങുകൾ നടത്തിയതെന്ന് ക്ഷേത്ര സമിതി സെക്രട്ടറി എവർഷൈൻ മണി പറഞ്ഞു. കൂനംപട്ടി ആദിനത്തിന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. രാജഗോപുരം, വിമാനം എന്നിവ ഉൾപ്പെടെ നവീകരിച്ചുനിർമ്മിച്ചു. ചണ്ഡികേശ്വരന് പുതിയ സന്നിധാനവും നിർമ്മിച്ചു.