ആലുവ: നഗരത്തിൽ ഏറ്റവും അധികം തിരക്കേറിയ ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയർ ഹൈമാസ്റ്റ് ലാമ്പ് തെളിയാതെ മൂന്ന് മാസത്തോളമായി ഇരുട്ടിലായിട്ടും പരിഹാരം കാണാതെ നഗരസഭ അധികൃതർ. സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷ - ടാക്സി ഡ്രൈവർമാരും പലവട്ടം പരാതി പറഞ്ഞിട്ടും നഗരസഭ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നാണ് ആക്ഷേപം.
ഹൈമാസ്റ്റ് ലാമ്പിലെ പത്തോളം ലൈറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് മിന്നാമിനുങ്ങിന്റെ വെളിച്ചത്തോടെ തെളിയുന്നത്. ബാക്കിയെല്ലാം കണ്ണടച്ചിരിക്കുകയാണ്. രാത്രി പരിസരത്തെ കച്ചവട സ്ഥാപനങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരം കൂരിരുട്ടിലാണ്. പകൽ സമയങ്ങളിൽ പോലും സാമൂഹ്യവിരുദ്ധ ശല്യമുള്ള റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ ഇപ്പോൾ സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധരുടെയും അഭിസാരികമാരുടെയും വിളയാട്ടമാണ്. ട്രെയിൻ മാർഗം വന്നെത്തുന്ന ഇതരസംസ്ഥാനക്കാർ കൂടി നിറയുന്നതോടെ സന്ധ്യയായാൽ സ്ത്രീകളും കുട്ടികൾക്കുമെല്ലാം തനിച്ച് പോകാൻ പോലും ഭയമാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് നവീകരണവുമായി ബന്ധപ്പെട്ട് ഡിപ്പോ അടച്ചതിനാൽ ബസുകളെല്ലാം റോഡരികിൽ പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിനിടയിൽ വെളിച്ചം കൂടിയില്ലാത്തത് സാമൂഹ്യവിരുദ്ധർക്ക് അനുകൂലമാണ്.
പന്തം കൊളുത്തി പ്രതിഷേധിച്ചു
റെയിൽവേ സ്ക്വയറിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. റെയിൽ സ്റ്റേഷൻ സ്‌ക്വയറിന് പുറമെ നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ വൈദ്യുത വിളക്കുകൾ തെളിയുന്നില്ല. ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുകയാണെന്നും സമരക്കാർ ആരോപിച്ചു. യുവമോർച്ച സംസ്ഥാന സമിതി അംഗം രാജീവ് മുതിരക്കാട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം സെക്രട്ടറി പ്രീത രവി, കെ. രഞ്ജിത് കുമാർ, സനീഷ് കളപുരക്കൽ, രാജേഷ് കുന്നത്തേരി, ഗോപൻ, സുനി മുള്ളംകുഴി, ശ്രീകുമാർ എടയപ്പുറം എന്നിവർ നേതൃത്വം നൽകി.
#ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയർ ഇരുട്ടിലായിട്ട് മൂന്ന് മാസം
നഗരിയുടെ അനാസ്ഥയാണ് കൂരിരുട്ടിലാകാൻ കാരണം. പലവട്ടം വ്യാപാരികളും നാട്ടുകാരും നഗരസഭ അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. യഥാർത്ഥത്തിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ് നഗരസഭ. യുവമോർച്ചയുടെ പ്രതീകാത്മക സമരം തിരിച്ചറിഞ്ഞില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങും.
രാജീവ് മുതിരക്കാട്, സംസ്ഥാന കമ്മിറ്റി അംഗം.