വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പ്രധാന തോടായ ആർ.എം.പി. തോടിന്റെ ശുചീകരണ പദ്ധതി തുടങ്ങി. വർഷങ്ങളായി മണ്ണും ചെളിയും അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചമട്ടിലായിരുന്നു ഈ തോട്. സമീപപ്രദേശങ്ങളിലുള്ള കെട്ടുകളിലും തോടുകളിലും മത്സ്യസമ്പത്ത് നിറക്കുന്ന ശ്രോതസ്സായിരുന്നു. പിന്നീട് മണ്ണും ചെളിയും നിറഞ്ഞ് ഒഴുക്ക് കുറഞ്ഞതോടുകൂടി ചെമ്മീൻ കെട്ടുകളും വറ്റി. തോടിന്റെ നവീകരണത്തിനായി എം.എൽ.എ.എസ്. ശർമ്മയുടെ നേതൃത്വത്തിൽ പല തവണ പദ്ധതി തയ്യാറാക്കിയെങ്കിലും പല കാരണങ്ങളാൽ അവയൊന്നും നടപ്പായില്ല. തുടർന്ന് എം.എൽ.എ.യുടെ ശ്രമഫലമായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ തിരുവനന്തപുരത്ത് വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തിൽ വച്ച് ആർ.എം.പി. തോടിന്റെ നവീകരണവും സമഗ്രവികസനവും ലക്ഷ്യമാക്കിയുള്ള ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അതിന്റെ സർവേ ഉടൻ നടക്കും. ഈ പദ്ധതിയുടെ ആരംഭമാണ് ഇപ്പോൾ ആരംഭിച്ച ശുചീകരണ പ്രവൃത്തികൾ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ ശുചീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസി വൈപ്പിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനില പ്രവീൺ, ബെന്നി ബെർണാഡ്, പി.എസ്. ഷാജി, സോഫിയ ജോയ്, ഗിരിജ അശോകൻ തുടങ്ങിയവർ സംസാരിച്ചു.