മൂവാറ്റുപുഴ: അർബുദത്തിന്റെ വേദനകളിൽ പെട്ടുഴലുമ്പോഴാണ് ആയവന തൊമ്മംകുടിയിൽ ഭവാനിയുടെ (75) കൂര പ്രളയമെടുത്തത്. സർവതും നശിച്ചതോടെ ശൂന്യതയിലേക്കിറങ്ങിയ ഭവാനിയടക്കം ഒമ്പത് കുടുംബങ്ങൾക്ക് മൂവാറ്റുപുഴയിൽ കെയർഹോം പദ്ധതിയിലൂടെ സുരക്ഷിതഭവനമൊരുങ്ങി.
ഒരു വർഷം മുമ്പുണ്ടായ പ്രളയത്തിൽ കാളിയാർപുഴ കരകവിഞ്ഞതോടെയാണ് ഭവാനിയുടെ കൂര നശിച്ചത്. വെള്ളമിറങ്ങിയപ്പോൾ വീടിരുന്നിടത്ത് അവശിഷ്ടങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അർബുദരോഗവും പ്രായാധിക്യവും ഭവാനിയുടെ ഭാവി ഇരുളടഞ്ഞതാക്കി. മറ്റാരും തുണയില്ലാത്ത അവർക്ക് വീടെന്നത് സ്വപ്നംമാത്രമായി. ഈ സന്ദർഭത്തിലാണ് ഏനാനല്ലൂർ സർവീസ് സഹകരണബാങ്ക് ഇവരുടെ വീട് നിർമ്മാണം ഏറ്റെടുത്തത്. നാലുമാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കി. ബാങ്ക് പ്രസിഡന്റ് ജീമോൻപോളിന്റെ നേതൃത്വത്തിൽ ഭരണ സമിതിഅംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് വീടിന്റെ താക്കോൽ കൈമാറി.
# സഹ. ബാങ്കുകളുടെ കൈത്താങ്ങ്
ഏനാനല്ലൂർ സഹകരണ ബാങ്ക് രണ്ട് വീടുകളും മേക്കടമ്പ് സഹകരണ ബാങ്ക് നാല് വീടുകളും നിർമ്മിച്ചു. പായിപ്ര, വാളകം, മാറാടി സർവീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ ഓരോ വീടുകളും നിർമ്മിച്ചു നൽകി.
# വീട് ലഭിച്ച മറ്റുള്ളവർ
ആയവന പഞ്ചായത്ത് ഒന്നാം വാർഡിലെ എം.കെ. രാജൻ, മാറാടി പഞ്ചായത്ത് മൂന്നാം വാർഡിലെ രാമചന്ദ്രൻ, വാളകം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ ശോശാമ്മ ജോർജ്, വാളകം പഞ്ചായത്തിലെ ഏലിയാമ്മ ഓലിക്കൽ, പഞ്ചായത്ത് ഒമ്പതാം വാർഡിലെ എൽദോ വർഗീസ്, അതേ വാർഡിലെ ഒ.എം. കുര്യാക്കോസ്, എട്ടാം വാർഡിലെ ഭാരതി, പായിപ്ര പഞ്ചായത്ത് പതിനാറാം വാർഡിലെ കെ.എം. വർക്കി എന്നിവർക്കാണ് കെയർഹോം പദ്ധതിയിലൂടെ വീട് നൽകിയത്. വർക്കിയുടെ വീട് 17ന് കൈമാറുന്നതോടെ ഇത് പൂർണമാകും.
# കൂട്ടായ്മയുടെ വിജയഗാഥ
ഡിസംബറിൽ ആരംഭിച്ച വീടുനിർമ്മാണം മേയിൽ പൂർത്തിയായി. 500 മുതൽ 600 വരെയുളള ചതുരശ്രയടി വിസ്തീർണമുളള വീടൊന്നിന് 4,95,100 രൂപ ചെലവിട്ടു. സഹകരണബാങ്ക് ഭരണസമിതികളും ജീവനക്കാരും സഹകരണ വകുപ്പ് ജീവനക്കാരും ഈ മഹായത്നത്തിന് പിന്നിൽ സജീവമായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൽദോ എബ്രഹാം എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതികളും പദ്ധതിയുടെ ഓരോഘട്ടത്തിലും സജീവ ഇടപെടൽ നടത്തിയിരുന്നു. അസി.രജിസ്ട്രാർമാരായ വി.ബി. ദേവരാജൻ, എൻ.എ. മണി, സീനിയർ ഇൻസ്‌പെക്ടർ കെ.ബി. ദിനേശ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.