raju-narayana-swami

കൊച്ചി : കേന്ദ്രമന്ത്രി സദാനന്ദഗൗഡയും ചീഫ് സെക്രട്ടറി ടോം ജോസും തനിക്കെതിരായ നീക്കത്തിന് പിന്നിലുണ്ടെന്ന് മുതിർന്ന ഐ.എ.എസ് ഓഫീസർ രാജു നാരായണസ്വാമി ആരോപിച്ചു. സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ ജയിക്കുമെന്നതിനാലാണ് തന്നെ അവഹേളിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹംവാർത്താലേഖകരോട് പറഞ്ഞു.

അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന് നാളികേര വികസന ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയതിന് പിന്നിൽ സദാനന്ദ ഗൗഡയാണ്. ഇവിടെ മുമ്പ് നടന്ന ക്രമക്കേടുകൾ താൻ പുറത്തുകൊണ്ടുവന്നു. മുന്നൂറിലേറെ തേക്കുമരങ്ങൾ കർണാടകയിലെ മാണ്ഡ്യയിലെ ഫാമിൽ നിന്ന് മാനേജർ ചിന്നരാജിന്റെ നേതൃത്വത്തിൽ കടത്തി. ചിന്നരാജിനെ സസ്‌പെൻഡ് ചെയ്തത് പിൻവലിക്കാൻ കേന്ദ്രമന്ത്രിയായിരുന്ന സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതിന് തന്നെ മാറ്റി.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ചിലെ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പർ ഭരത്‌ഭൂഷൺ പാറ്റൂർ അഴിമതിക്കേസിലെ പ്രതിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹിയിലെ സെൻട്രൽ ബെഞ്ചിനെ സമീപിച്ചു. ഹർജി സി.എ.ടിയുടെ പ്രിൻസിപ്പൽ ബെഞ്ച് കേരളത്തിൽ നിന്നു ചെന്നൈയിലേക്ക് മാറ്റി.

ചീഫ് സെക്രട്ടറി ടോം ജോസാണ് തന്റെ നിർബന്ധിത വിരമിക്കലിനു ശുപാർശ ചെയ്തത്. തെറ്റിദ്ധാരണാജനകമായ ഉത്തരം നൽകിയ കേന്ദ്ര കൃഷി സെക്രട്ടറി ടോം ജോസിന്റെ ബാച്ചുകാരനാണെന്നും അദ്ദേഹം പറഞ്ഞു.

നാളികേര വികസന ബോർഡ് ചെയർമാനായിരിക്കെ ക്രമക്കേടു നടത്തിയതിനും കൃത്യ വിലോപം ഉണ്ടായതിനുമാണ് രാജു നാരായണസ്വാമിയെ മാതൃകേഡറിലേക്ക് മാറ്റിയതെന്ന കേന്ദ്ര മന്ത്രി നരേന്ദ്രസിങ് തോമറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കർഷകർക്ക് ആനുകൂല്യങ്ങൾ നൽകിയതായി ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും ചേർന്ന് വ്യാജരേഖയുണ്ടാക്കി കോടികൾ കൈക്കലാക്കി. സി.ബി.ഐ അന്വേഷണത്തിന് താൻ ശുപാർശ ചെയ്തു. ഹേമചന്ദ്ര, സിമി തോമസ് എന്നിവരുടെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രണ്ടു പേരുടെയും പേരിലുളള നടപടി നിറുത്തിവെച്ച് തിരിച്ചെടുക്കണമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ തനിക്ക് കത്തുനൽകി. കത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.