കാലടി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാലടി എസ്.എൻ.ഡി.പി ലൈബ്രറിയും, സംസ്കൃത സർവകലാശാല മലയാളം വിഭാഗത്തിന്റെയും സഹകരണത്തോടെ അനുസ്യൂത കഥാവായനയുടെ രണ്ടാം ഘട്ടം നടന്നു. മലയാളത്തിലെ ആദ്യ കഥയായ വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ ദ്വാരക മുതൽ പുതിയ കാലത്തെ കഥയായ എസ്. ഹരീഷിന്റെ അപ്പൻ വരെയുള്ള 100 കഥകളും കഥാകൃത്തുക്കളും കഥാവായനയിൽ നടന്നു .ഞായറാഴ്ച്ച രാവിലെ 8ന് ആരംഭിച്ച കഥാ വായന രാത്രി 8 ന് സമാപിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ പ്രായമായവരുൾപ്പെടെയുള്ളവരെ പങ്കെടുത്തു.പി.ഐ. ശങ്കരനാരായണൻ, ഷാജി മാലിപ്പാറ, ജി മോഹനചന്ദ്രൻ, ഉഷ മാനാട്ട്, കെ മുരളീധരൻ, സെബാസ്റ്റ്യൻ, രായ മംഗലം ജയകൃഷ്ണൻ തുടങ്ങിയ അമ്പതോളം കഥാകൃത്തുക്കൾ സ്വന്തം രചനകൾ വായിച്ചു. വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി, എം പി നാരായണപിള്ള, വി.കെ.എൻ തുടങ്ങിയ ആദ്യകാല കഥാകൃത്തുക്കളുടെ രചനകളും വി.ആർ.സുധീഷ്, സുഭാഷ് ചന്ദ്രൻ, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയ പുതിയ കഥാകൃത്തുക്കളുടെ രചനകളും വായനകളിൽ ഇടംപിടിച്ചു. തുടർച്ചയായി എല്ലാ വർഷവും വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കഥാവായനയും കഥാകൃത്തുക്കളുടെ സംഗമവും സംഘടിപ്പിക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി സാബു സെക്രട്ടറി, കാലടി എസ്.മുരളീധരൻ എന്നിവർ അറിയിച്ചു. ബുധസംഗമത്തിൽ ഇന്നലെ വൈകിട്ട് പ്രതിവാര സാംസ്കാരിക കൂട്ടായ്മയായ ബുധ സംഗമത്തിൽ രസതന്ത്രത്തിലെ രസകൂട്ടുകാർ എന്ന വിഷയത്തിൽ ചർച്ച നടന്നു.