നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലായി. കഴിഞ്ഞവർഷം ഹജ്ജ് ക്യാമ്പ് ഒരുക്കിയ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹാങ്കറിനോട് ചേർന്നുള്ള സിയാൽ അക്കാഡമിയിലാണ് ഈ വർഷവും ക്യാമ്പിനുള്ള സൗകര്യം ഒരുക്കുന്നത്.
സിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ എ.എം. ഷബീർ ക്യാമ്പ് സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ശനിയാഴ്ച വൈകിട്ട് ഏഴിന് മന്ത്രി കെ.ടി. ജലീൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. എയർ ഇന്ത്യയാണ് ഈ വർഷം നെടുമ്പാശേരി എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഹജ്ജ് സർവീസിന് കരാർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യസംഘം തീർത്ഥാടകരുമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് യാത്രയാകും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ താത്കാലിക ഓഫീസ് ഇന്നുമുതൽ സിയാൽ അക്കാഡമിയിൽ പ്രവർത്തനമാരംഭിക്കും. 2740 തീർത്ഥാടകരാണ് ഈ വർഷം നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് യാത്രയാകുന്നത്. സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകർക്ക് പുറമെ ലക്ഷദ്വീപിൽ നിന്നുള്ളവരുമുണ്ട്.. മദീന സന്ദർശനത്തിന് ശേഷമായിരിക്കും ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തുക. ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇവരുടെ മടക്കയാത്ര. ഈ വർഷം കരിപ്പൂരിലും എംബാർക്കേഷൻ പോയിന്റുള്ളതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നെടുമ്പാശേരിയിൽ തിരക്ക് കുറയുമെങ്കിലും മുൻ വർഷത്തെ ക്യാമ്പിന് സമാനമായ സൗകര്യങ്ങൾ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഈ മാസം 18 വരെയാണ് നെടുമ്പാശേരിയിൽ നിന്നുള്ള ഹജ്ജ് സർവീസ്. ഓഗസ്റ്റ് 29 മുതൽ സെപ്തംബർ ഒന്ന് വരെയാണ് മടക്കയാത്ര.